‘കേരളം’ എന്ന് മാറ്റിയാൽ എന്ത് വ്യത്യാസമാണ് വരുന്നത്? ‘കേരളൈറ്റും’ മാറ്റുമോ? പേരുമാറ്റത്തെ വിമർശിച്ച് തരൂർ

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരള’ എന്നതുമാറ്റി ‘കേരളം’ എന്നാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തെയും അതിനോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെയും വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്തെത്തി. പേര് മാറ്റുന്നത് കൊണ്ട് പ്രായോഗികമായി എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പേര് മാറ്റുന്നതിലൂടെ പ്രത്യേകിച്ച് നേട്ടങ്ങമൊന്നും ഉണ്ടാകാനില്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു. ‘കേരളം’ എന്നത് മലയാളികൾ എപ്പോഴും ഉപയോഗിക്കുന്ന പേരാണെന്നും, എന്നാൽ ഇംഗ്ലീഷിൽ കേരള (Kerala) എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ളവർക്ക് കേരളയാണ് പരിചിതം. തമിഴ്‌നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ പേര് മാറ്റിയത് പോലെ ഒരു സാഹചര്യം ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരുമാറ്റത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങളിൽ വരാനിരിക്കുന്ന ആശയക്കുഴപ്പങ്ങളെ ശശി തരൂർ തന്റെ തനതായ ശൈലിയിൽ ചൂണ്ടിക്കാട്ടി. ‘കേരള’ എന്നത് ‘കേരളം’ ആകുമ്പോൾ, ഇവിടുത്തെ നിവാസികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന കേരളൈറ്റ് (Keralite), കേരളൻ (Keralan) എന്നീ വാക്കുകൾക്ക് പകരം എന്ത് ഉപയോഗിക്കുമെന്നും അദ്ദേഹം ചോദിച്ചു.

‘Keralamite’ എന്നത് ഒരു സൂക്ഷ്മജീവിയുടെ പേരുപോലെയോ, ‘Keralaman’ എന്നത് ഒരു അപൂർവ ധാതുവിന്റെ പേരുപോലെയോ തോന്നിക്കുന്നുവെന്നും അദ്ദേഹം തമാശരൂപേണ എക്സിൽ കുറിച്ചു. പുതിയ വാക്കുകൾ കണ്ടെത്താൻ ഒരു മത്സരം തന്നെ സംഘടിപ്പിക്കാവുന്നതാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് നിർദേശിച്ചു.

വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെയും തരൂർ വിമർശിച്ചു. ഒരു വശത്ത് പേര് മാറ്റത്തിന് വേഗത്തിൽ അനുമതി നൽകുമ്പോൾ, മറുവശത്ത് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ വേണ്ടത് സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ ഫണ്ടും പിന്തുണയുമാണെന്നും പേരിൽ വരുത്തുന്ന മാറ്റങ്ങളല്ലെന്നും തരൂർ പറഞ്ഞു.

നേരത്തെ സംസ്ഥാനത്തിന്‍റെ പേര് എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാൻ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള എല്ലാ ഭാഷകളിലും ഈ മാറ്റം കൊണ്ടുവരണമെന്നാണ് ആവശ്യം. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ‘കേരളം’ എന്ന പേരാണ് മലയാളികൾക്കിടയിൽ സ്വീകാര്യമായത്. എന്നാൽ ഇംഗ്ലിഷ് രേഖകളിൽ ഇത് കേരള എന്നായി മാറുകയായിരുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് നിയമസഭ പ്രമേയം പാസാക്കിയത്.

Tags:    
News Summary - Shashi Tharoor Slams Centre Over Kerala Name Change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.