വഖഫിൽ സമവായം: തൊടിയൂർ രാജിവെച്ച് കാന്തപുരം വിഭാഗത്തിന് അംഗത്വം നൽകും; പ്രതിഷേധ പ്രകടനം ഒഴിവാക്കും

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം എ.പി വിഭാഗത്തിന് പ്രാതിനിധ്യം നൽകി സമവായ തീരുമാനം. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയു​​ടെ പ്രതിനിധി തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി രാജിവെച്ച് ആ ഒഴിവിൽ കാന്തപുരം വിഭാഗത്തിന് അംഗത്വം നൽകാനാണ് തീരുമാനം. പകരം അദ്ദേഹത്തിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകും. നിലവിൽ കാന്തപുരം വിഭാഗമാണ് ഈ പദവിയിലുള്ളത്.

ഇതോടെ വഖഫ് ബോർഡിലെ അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിനെതിരെ വ്യാഴാഴ്ച കാന്തപുരം വിഭാഗം നടത്തുമെന്ന് പ്രഖ്യാപിച്ച കലക്ടറേറ്റ് മാർച്ച് പിൻവലിക്കും.

എം.സി മായിൻ ഹാജി ചെയർമാനാകുന്ന വഖഫ് ബോർഡിൽ, കുറുക്കോളി മൊയ്തീൻ എം.എൽ.എ, എം.പി മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി, സിറാസ് ഡി കപസി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൽ മജീദ് സ്വലാഹി, മദീന ബീഗം തുടങ്ങി ഒമ്പത് പേരാണ് പുതിയ ബോർഡിലെ അംഗങ്ങൾ. ആകെയുള്ള 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒമ്പത് പേരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത്. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് എം.സി മായിൻ ഹാജി. തുടർച്ചയായ 18 വർഷം സംസ്ഥാന വഖഫ് ബോർഡിൽ മുതവല്ലി വിഭാഗത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത അംഗമായിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ചെയർമാൻ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ, കാലിക്കറ്റ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ, കേരള ഹാൻഡിക്രാഫ്റ്റ് കോർപറേഷൻ ഡയറക്ടർ, കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - Waqf Board Kanthapuram faction to get membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.