രമേശ് ചെന്നിത്തല

ശശി തരൂർ 100 ശതമാനം പാർട്ടിക്കാരനല്ല, കേരളത്തിലെ കോൺഗ്രസുമായി അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല - രമേശ് ചെന്നിത്തല

കൽപറ്റ: ശശി തരൂർ 100 ശതമാനം പാർട്ടിക്കാരനല്ലെന്നും തങ്ങളെപ്പോലെയല്ല അദ്ദേഹത്തിന്‍റെ പ്രവർത്തന ശൈലിയെന്നും വിശദീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺഗ്രസുമായി ശശി തരൂരിന് ഒരു പ്രശ്‌നവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി വയനാട്ടിൽ വെച്ച് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ലക്ഷ്യ 2026 നേതൃത്വ ക്യാമ്പ് നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

'അദ്ദേഹം 100 ശതമാനം പാർട്ടിക്കാരനല്ല. ഞങ്ങളെയൊക്കെപ്പോലെ പ്രവർത്തനമല്ല അദ്ദേഹത്തിന്റേത്. മറ്റൊരു തലത്തിൽ പ്രവർത്തിക്കുന്നയാളാണ്. ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയും. എന്നുകരുതി അദ്ദേഹം കോൺഗ്രസുകാരനല്ലെന്ന് എങ്ങനെ പറയാൻ കഴിയും' ചെന്നിത്തല ചോദിച്ചു.

ശബരിമല സർണക്കൊള്ളക്കേസിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ശബരിമലയിൽ നിന്ന് കാണാതായ സ്വർണം എവിടെയെന്ന് അദ്ദേഹം ചോദിച്ചു. 'ശബരിമലയിലെ അടിച്ചുമാറ്റിയ സ്വർണം എവിടെയെന്ന് കണ്ടെത്തണം. ആളുകളെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. അന്വേഷണം ശക്തമാക്കണം. വൻ സ്രാവുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പാർട്ടിയുമായി ബന്ധമുള്ള രണ്ടുപേരെയാണ് എസ്‌.ഐ.ടിയിലേക്ക് കൊടുത്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. സാക്ഷാൽ അയ്യപ്പനോട് കളിച്ചിട്ടുള്ളവരെല്ലാം അനുഭവിക്കുക തന്നെ ചെയ്യും. അനുഭവിച്ചിട്ടുമുണ്ട്' രമേശ് ചെന്നിത്തല പറഞ്ഞു.

'പാർലമെന്റ് തിരഞ്ഞെടുപ്പിൽ, യു.ഡി.എഫ് 20 സീറ്റുകളിൽ 18 ഉം നേടി, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഞങ്ങൾ അതിശയകരമായ വിജയം നേടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഞങ്ങൾ ഒരു റോഡ് മാപ്പ് തയാറാക്കുകയാണ്. ഈ ക്യാമ്പ് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു പുതിയ ദിശാബോധം നൽകും. ഞങ്ങൾ കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. 100 സീറ്റ് നേടി കേരളത്തിൽ സർക്കാറുണ്ടാക്കും. അതാണ് ഞങ്ങളുടെ ലക്ഷ്യം'- രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Shashi Tharoor is not a 100 percent party member, he has no problem with the Congress in Kerala - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.