തിരുവനന്തപുരം: ശശി തരൂർ വിശ്വപൗരൻ തന്നെയെന്നും ഈ വിഷയത്തിൽ മുൻ മന്ത്രി ജി. സുധാകരന്റെ പ്രതികരണത്തോട് യോജിപ്പില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കെ.പി.സി.സി സംഘടിപ്പിച്ച ചടങ്ങിലെ സുധാകരന്റെ പരാമർശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കെ.പി.സി.സി നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന് സുധാകരനെതിരെ നടക്കുന്ന സൈബർ ഗുണ്ടാ അക്രമം അപലപനീയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം സമ്മേളനത്തിൽ അവതരിപ്പിച്ച വികസനരേഖ ആത്മാർഥതയില്ലാത്തതാണ്. മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ ഉദാരവത്കരണ നയങ്ങളെ എതിർത്തവരാണ് ഇപ്പോൾ സമ്പന്നർക്കും കുത്തകകൾക്കും മാത്രം ഗുണകരമാവുന്ന നയങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ഇടതുമുന്നണിക്ക് ഇനി തുടർഭരണം കിട്ടില്ല.
തുടർഭരണം കിട്ടിയതിന്റെ ദുരന്തം നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ഓപറേഷൻ കുബേര പോലുള്ള കർശന നടപടികളുണ്ടാകണം. ആശ പ്രവർത്തകരുടെ സമരം ഒത്തുതീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.