'നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ'; സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വിമർശിക്കുന്ന പോസ്റ്റ് മുക്കി ശശി തരൂർ

തിരുവനന്തപുരം: ​സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്ത് ശശി തരൂർ. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലായിരുന്നു ശശി തരൂരിന്റെ വിമർശനം. 

പ്രിയപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം എന്ന കുറിപ്പോടുകൂടിയാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ സഹിതമുള്ള പോസ്റ്റർ ശശി തരൂർ പങ്കുവെച്ചത്. എന്നാൽ വൈകാതെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.

സി.പി.എമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് പകരം ഇട്ടത്. ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്' -എന്ന് കുറിക്കുകയും ചെയ്തു. ശരത് ലാലിന്റെയും കൃപേഷിന്റെയും ഫോട്ടോ സഹിതമായിരുന്നു പോസ്റ്റ്. 

കേരളത്തിലെ വ്യവസായ സൗഹാർദ അന്തരീക്ഷത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തെയും പുകഴ്ത്തിയ ലേഖനമുണ്ടാക്കിയ വിവാദം തുടരുന്നതിനിടയിലാണ് തരൂർ പോസ്റ്റർ പഴയ പങ്കുവെച്ചത് എന്നതും ശ്രദ്ധേയം. പാർട്ടിയെ അനുനയിപ്പിക്കാനാണ് തരൂർ പോസ്റ്റിട്ടതെന്നടക്കമുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. അതിനിടയിൽ പോസ്റ്റ് അപ്രത്യക്ഷമായത് ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.    

വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

ഇത് ചില്ലറ പുലിവാലല്ല കോൺഗ്രസിലുണ്ടാക്കിയത്. ആന്റണി സർക്കാറിന്റെ വ്യവസായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ശശി തരൂരിന് മുസ്‍ലിം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തരൂരിന് മറുപടി നൽകിയത്. അനുമോദന ലേഖനത്തോട് രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും പ്രതികരിച്ചത്. ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ലേഖനത്തിലെ തെറ്റ് എന്താണെന്ന് കാണിച്ചുതന്നാൽ തിരുത്താമെന്നുമായിരുന്നു വിമർശനങ്ങൾക്ക് ശശി തരൂരിന്റെ മറുപടി.

Tags:    
News Summary - Shashi Tharoor criticized CPM's violence politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.