കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയത് അന്വേഷിക്കണം; ആവശ്യവുമായി ശശി തരൂരും എം.കെ. രാഘവനും
കോഴിക്കോട്: കോഴിക്കോട്ടെ പരിപാടിയുടെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയത് അന്വേഷിക്കണമെന്ന ആവശ്യവുമായി എം.പിമാരായ ശശി തരൂരും എം.കെ. രാഘവനും. ഇത്തരം പരിപാടികൾ മുടക്കാൻ ആരു ശ്രമിച്ചാലും കണ്ടെത്തണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. എല്ലാവരും പരസ്പരം കാണേണ്ടതും കോൺഗ്രസ് മൂല്യങ്ങൾ മുന്നോട്ടു കൊണ്ടുപോകേണ്ടതും നമ്മുടെ കടമയാണ്. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ തടസം ഉണ്ടാക്കുന്നവരെ കണ്ടുപിടിക്കേണ്ടതുണ്ട്. സ്ഥലത്തെ എം.പി എന്ന നിലയിൽ എല്ലാം കാര്യങ്ങളും ചെയ്ത എം.കെ. രാഘവന് അന്വേഷണം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയത് അന്വേഷിക്കാൻ കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. പരിപാടി സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ ചൂണ്ടിക്കാട്ടി.
കെ.പി. കേശവ മേനോൻ ഹാളിൽ 'സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് 'അജ്ഞാത' കാരണത്താൽ ഒഴിവാക്കി.
ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്ന പേരിലുള്ള സാംസ്കാരിക കൂട്ടായ്മ പരിപാടിയുടെ പുതിയ സംഘാടകരായി രംഗത്തുവരികയും യൂത്ത് കോൺഗ്രസ് നിശ്ചയിച്ച അതേ വിഷയത്തിൽ അതേ വേദിയിൽ പരിപാടി നടത്തുകയും ചെയ്തു.
എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. വൈകീട്ടോടെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം. പിന്നാലെയാണ് സംഘാടകർ മാറി പരിപാടി നടത്തുമെന്ന അറിയിപ്പ് വന്നത്.
എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനുകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടാൻ നടത്തിയ ശ്രമമാണ് പൊട്ടിയത്. എന്നാൽ, എം.കെ. രാഘവൻ തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തു. ഇതോടെ തരൂർ അനുകൂലികളും എതിരാളികളും തമ്മിലെ പോര് മറനീക്കിയിരിക്കുകയാണ്. സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണ് യൂത്ത് കോൺഗ്രസ് പിന്മാറ്റത്തിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് നേതാക്കൾ മൗനം പാലിക്കുകയാണ്. തരൂരിന് ഏറെ അനുകൂലികളുള്ള തട്ടകമാണ് കോഴിക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.