തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളുമായി അന്വേഷണസംഘം. ഗ്രീഷ്മയും ഷാരോണിന്റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം പരിശോധന വിധേയമാക്കും. ആകാശവാണിയിൽ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക.
ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെച്ചു. ഇന്ന് ശബ്ദപരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. അതിനുമുമ്പ് പരമാവധി തെളിവുശേഖരണം പൂർത്തിയാക്കും.
കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണായകം.
അന്വേഷണം കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടും മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.