ഷാരോൺ വധക്കേസ്: വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ സുപ്രീംകോടതിയിൽ

പാറശ്ശാല: പാറശ്ശാല ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ. സംഭവം നടന്നത് തമിഴ്നാട്ടിലാണെന്നും അതിനാൽ വിചാരണ അവിടേക്ക് മാറ്റണമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ നെയ്യാറ്റിൻകര കോടതിയാണ് കേസിന്‍റെ വിചാരണ നടപടികൾ പരിഗണിക്കുന്നത്.

ഒന്നാം പ്രതിയായ ഗ്രീഷ്മയും കേസിലെ കൂട്ടുപ്രതികളായ അമ്മാവനും അമ്മയുമാണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ അതുമായി ബന്ധപ്പെട്ട വിചാരണകൾ നടക്കേണ്ടത് കൃത്യം നടന്ന പരിധിയിലുള്ള കോടതിയിലാണ് എന്ന സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിലാണെന്നും കേസിന്‍റെ സുഖമമായ നടത്തിപ്പിന് വിചാരണ കന്യാകുമാരിയിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നും ഹരജിയിൽ പറയുന്നുണ്ട്. ഷാരോണിന്‍റെ കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തിൽ കേരളത്തിൽ വിചാരണ നടപടികൾ തുടരുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടെന്നുമാണ് വാദം. നേരത്തെ ഹൈകോടതിയിൽ ഉൾപ്പെടെ ഈ വാദം ഗ്രീഷ്മ ഉന്നയിച്ചിരുന്നെങ്കിലും ഇവരുടെ ആവശ്യം കോടതി അംഗീകരിക്കാതെയായതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അടുത്തിടെയായിരുന്നു ഗ്രീഷ്മക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കെതി​രെ സമൂഹത്തിൽ നിലനിൽക്കുന്ന വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടഞ്ഞ്​ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും നിരീക്ഷിച്ചാണ്​ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനെത്തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരിച്ചുവെന്നുമാണ് കേസ്. 2022 ഒക്ടോബർ 17ന് കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗ്രീഷ്മ 2022 നവംബർ ഒന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമല കുമാരൻ നായർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക്​ നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ജനുവരി 25ന്​ കുറ്റപത്രവും നൽകി. തുടർന്നാണ് ജാമ്യം തേടി ഗ്രീഷ്മ ഹരജി നൽകിയത്.

അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ജാമ്യത്തിന്​ അപേക്ഷിച്ചത്​. ഷാരോണിന്‍റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ല. കസ്റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം സെഷൻസ് കോടതി അനുവദിച്ചെങ്കിലും ഹൈകോടതി റദ്ദാക്കിയതായും അവർ വാദിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

Tags:    
News Summary - Sharon Murder Case: Greeshma in SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.