തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം എന്നിവ ഇല്ലാതാക്കാനും തെരുവുബാല്യ വിമുക്ത കേരളം ലക്ഷ്യമിട്ടും സംസ്ഥാന വ നിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയിലൂടെ മോചിപ്പിച്ചത് 272 കുട്ടികളെ. പദ്ധതിയെ കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്‍റിനായി തെരഞ്ഞെടുത്തു.
ശരണബാല്യം പദ്ധ തിയിലൂടെ 272 കുട്ടികളെ മോചിപ്പിച്ച് പുന:രധിവസിപ്പിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബാലവേല 51, ഭിക്ഷാടനം 28, തെരുവ് ബാല്യം 44, ഉപേക്ഷിക്കപ്പെട്ടവര്‍ 12, ലൈംഗിക അതിക്രമം 13, ശൈശവ വിവാഹം ഒന്ന്, മനുഷ്യക്കടത്ത് നാല്, ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവര്‍ 119 എന്നിങ്ങനെയാണ് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിച്ചത്.
2017ൽ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ ബാലഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയ പദ്ധതിയാണിത്. പിന്നീട് സംസ്ഥാന വ്യാപകമായി നടപ്പാക്കുകയായിരുന്നു.
സംസ്ഥാനത്തെ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം ഗ്രാന്‍റ് അനുവദിച്ചതായും മന്ത്രി അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ ചില്‍ഡ്രന്‍ ഹോമുകള്‍ക്ക് നിർമാണ ഗ്രാന്‍റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ക്കും പാലക്കാട്ടെ ഒരു ചില്‍ഡ്രന്‍ ഹോമിനും നവീകരണ ഗ്രാന്‍റുമാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.