ആരെയൊക്കെ കൂട്ടി വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന്​ എ.എൻ ഷംസീർ; വിമർശനം മന്ത്രി റിയാസിനെതിരെ

തിരുവനന്തപുരം: സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനം. എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പറഞ്ഞതിനെയാണ്​ എ.എന്‍ ഷംസീർ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നത്.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിന് മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നത്. അങ്ങനെ അഹങ്കാരത്തോടെ പറയുന്നത് ശരിയല്ലെന്നും ഷംസീര്‍ തുറന്നടിച്ചു.

തുടര്‍ഭരണം കിട്ടിയ സാഹചര്യത്തില്‍ എല്ലാവരും കൂടുതല്‍ വിനയാന്വിതരാകണമെന്ന പാര്‍ട്ടി മാര്‍ഗരേഖ കൂടി ഷംസീര്‍ ഓര്‍മിപ്പിച്ചു. മന്ത്രി റിയാസ്​ വിമർശനത്തോട്​ പ്രതികരിക്കാതിരുന്നപ്പോൾ അധ്യക്ഷൻ ടി.പി രാമകൃഷ്​ണനാണ്​ മന്ത്രിയെ പ്രതിരോധിച്ചത്​. അഴിമതിക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാവണം മന്ത്രി അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ് മൗനം പാലിച്ചു.

മന്ത്രി ശിവൻകുട്ടിക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. 

Tags:    
News Summary - Shamseer against minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.