പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച അറസ്റ്റിലായ പ്രതികളുമായി ഞായറാഴ്ച അന്വേഷണ സംഘം തെളിവെടുത്തു. കല്ലേപ്പുള്ളി സ്വദേശി സിദ്ധാർഥൻ (36), കല്ലേപ്പുള്ളി കുറുപ്പത്ത് വീട്ടിൽ ആവാസ് (ടുഡു -30), മലമ്പുഴ ചേമ്പനം കോളനിയിൽ ജിനീഷ് (വലിയ ഉണ്ണി -32), കല്ലേപ്പുള്ളി സ്വദേശി ബിജു (27) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ആവാസ്, സിദ്ധാർഥൻ എന്നിവരെ കല്ലേപ്പുള്ളി ജങ്ഷനിലെ ആവാസിന്റെ കോഴിയിറച്ചി വിൽപന കേന്ദ്രത്തിലെത്തിച്ച അന്വേഷണ സംഘം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഇവിടെനിന്നെടുത്ത വാളുകളാണ് പ്രതികൾക്ക് ആവാസ് കൈമാറിയത്. ഇതുവരെ അറസ്റ്റിലായ പ്രതികളൊക്കെ ഈ സ്ഥാപനത്തിൽ ഒത്തുകൂടാറുണ്ടായിരുന്നു. ഇവിടെയാണ് ഗൂഢാലോചന നടന്നത്. ആവാസ് 2016 വരെ ആർ.എസ്.എസ് കല്ലേപ്പുള്ളി ശാഖ മുഖ്യശിക്ഷക് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ സജീവ ബി.ജെ.പി പ്രവർത്തകനാണ്.
മലമ്പുഴ ചേമ്പന ബി.ജെ.പി ബൂത്ത് സെക്രട്ടറി ജിനീഷ് എന്ന വലിയ ഉണ്ണിയുമായി പ്രതികളെ ഒളിപ്പിച്ച ചേമ്പനയിലെ സങ്കേതത്തിൽ എത്തിച്ച് തെളിവെടുത്തു. കവറിലാക്കി വനത്തിൽ ഒളിപ്പിച്ച നിലയിൽ പ്രതികളുടെ നാല് മൊബൈൽ ഫോണുകൾ കണ്ടെത്തി. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയതും ഭക്ഷണമെത്തിച്ചതും ജിനീഷാണ്. ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന് കൊല്ലപ്പെട്ടത്. കുന്നങ്കാട് ജങ്ഷനിൽ കടക്ക് മുന്നിൽ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിൽ 12 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ഷാജഹാനുമായി തര്‍ക്കമുണ്ടായിരുന്നെന്നും ഇത് പ്രകോപനത്തിന് ഇടയാക്കിയെന്നും പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. പ്രതികളെല്ലാം ബി.ജെ.പി-ആര്.എസ്.എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി.പി.എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.