താമരശ്ശേരി (കോഴിക്കോട്): താമരശ്ശേരിയിൽ വിദ്യാര്‍ഥി സംഘട്ടനത്തില്‍ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ കുറ്റാരോപിതന്റെ വീട്ടിൽ വീണ്ടും പൊലീസ് പരിശോധന നടത്തി. രക്ഷിതാവിനെതിരെയും അന്വേഷണം തുടങ്ങി. ആവശ്യമെങ്കിൽ ഇദ്ദേഹത്തെയും കേസിൽ പ്രതിചേർത്തേക്കും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
പുറത്തുനിന്നുള്ള മുതിര്‍ന്നവരുടെയോ കുറ്റാരോപിതരുടെ രക്ഷിതാക്കളുടെയോ സാന്നിധ്യവും ഇടപെടലും അക്രമസംഭവത്തിൽ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികളില്‍നിന്ന് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. വരുംദിവസങ്ങളിലും കൂടുതല്‍പേരെ ചോദ്യംചെയ്യാനാണ് തീരുമാനമെന്ന് താമരശ്ശേരി ഡിവൈ.എസ്.പി കെ. സുഷീര്‍ പറഞ്ഞു. പിടിയിലായ മുഖ്യ കുറ്റാരോപിതന്റെ രക്ഷിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലങ്ങളും അക്രമവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ രക്ഷിതാവിനെതിരെ താമരശ്ശേരി പൊലീസില്‍ ഒരു കേസ് നിലവിലുണ്ട്.
മറ്റു പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ഈ രക്ഷിതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ഈ നിലക്കുമുള്ള അന്വേഷണം.
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് മനസ്സിലാക്കുന്നതെന്നും കുട്ടികളെന്ന തരത്തിലായിരുന്നില്ല മർദിച്ചവരുടെ ചിന്തയെന്നും ജില്ല റൂറൽ പൊലീസ് മേധാവി കെ.ഇ. ബൈജു. സംഭവം നടന്നശേഷം കുട്ടികളുടെതായി പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ അതാണ് വ്യക്തമാക്കുന്നത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഢാലോചനയിൽ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ്. കുട്ടികളില്‍ ഒരാളുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം, വാട്സ്ആപ് പേജുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്താനുണ്ട്. ഇതു സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ആക്രമണത്തിൽ മുതിർന്നവർ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അന്വേഷണത്തിൽ അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രക്ഷിതാക്കളിലൊരാൾക്കെതിരെ താമരശ്ശേരി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലനിൽക്കുണ്ട്. സിനിമ പോലുള്ള കാര്യങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, രക്ഷാകർതൃത്വം തന്നെയാണ് പ്രശ്നം. കുട്ടികൾ പഠിക്കേണ്ട സമയത്ത് പുറത്ത് പോവുന്നതും മൊബൈൽ ഫോണിൽ മറ്റ് കുട്ടികളെ വിളിച്ചുവരുത്തുന്നതുമെല്ലാം രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.