ബാലികയുടെ മരണം രാഷ്​ട്രീയവത്​കരിക്കരുത് -സി.പി.എം

സുൽത്താൻ ബത്തേരി: സർവജന ഹൈസ്കൂളിൽ, വിഷബാധയേറ്റ ഷഹല ഷെറിൻ എന്ന പിഞ്ചുബാലിക മരിക്കാനിടയായ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണെന്നും സമൂഹത്തെയാകെ വേദനിപ്പിക്കുകയും നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സംഭവം രാഷ്​ട്രീ യവത്​കരിക്കാൻ കോൺഗ്രസും മുസ്​ലിം ലീഗും നടത്തുന്ന നീക്കം അപലപനീയമാണെന്നും സി.പി.എം ബത്തേരി ഏരിയ കമ്മിറ്റി പ്ര സ്താവനയിൽ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റം സൃഷ്​ടിക്കാൻ കഴിഞ്ഞ മൂന്നു വർഷക്കാലം കേരള സർക്കാർ നടത്തിയ പ്രവർത്തനം ഏറെ പ്രശംസനീയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സർവജന ഹൈസ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിക്കാനിടയായത് ആരെയും അമ്പരപ്പിക്കുന്നതാണ്.

കുട്ടിയുടെ മരണം നമ്മുടെ മനുഷ്യത്വത്തിനു നേരെയാണ് വിരൽചൂണ്ടുന്നത്. വൈകീട്ട്​ 3.10ഓടെ പാമ്പുകടിയേറ്റ തിനുശേഷം കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുന്നത് 3.36ന് ആണെന്നതും നാലുമണിയോടെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും കുട്ടിയെ രക്ഷിക്കാനുള്ള ആൻറി​െവനം നൽകാതിരുന്നതും അവശയായ കുട്ടിയെ ചികിത്സ നൽകാതെ കോഴിക്കോട്ടേക്ക് അയച്ചതും മനുഷ്യത്വരഹിതമായ നടപടിയാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കാൻ കേരള സർക്കാർ തയാറായി. ചികിത്സ വൈകിപ്പിച്ച സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ, പ്രധാനാധ്യാപകൻ, മറ്റൊരു അധ്യാപകൻ എന്നിവരെ സസ്പെൻഡ് ചെയ്തു. സ്കൂൾ പി.ടി.എ പിരിച്ചുവിട്ടു. താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിത്സ നൽകാതിരുന്ന ഡോക്ടറെ സസ്പെൻഡ് ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ അന്വേഷണം പ്രഖ്യാപിച്ചു.

ജില്ല ഭരണകൂടം ജാഗ്രതയോടെ ഇടപെട്ടു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ എന്നിവർ ശനിയാഴ്​ച​ സംഭവസ്ഥലത്ത് എത്തുന്നുണ്ട്​. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവരുടെയും പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസും മുസ്​ലിം ലീഗും സർക്കാറിനെതിരെയും ബത്തേരി മുനിസിപ്പാലിറ്റിക്കെതിരെയും സമരവുമായി രംഗത്തുവന്നതിന് ന്യായീകരണമില്ല. ഇപ്പോൾ ആവശ്യം കക്ഷിരാഷ്​ട്രീയ സമരങ്ങളല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ്. ബാലികയുടെ മരണത്തിൽ അവരുടെ കുടുംബത്തോടൊപ്പം സമൂഹമാകെ ദുഃഖിക്കുമ്പോൾ വിഷയം രാഷ്​ട്രീയവത്​കരിക്കാനുള്ള നീക്കത്തിൽനിന്ന് എല്ലാവരും പിന്തിരിയണമെന്ന് ഏരിയ കമ്മിറ്റി അഭ്യർഥിച്ചു. പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി. ബേബി, സുരേഷ് താളൂർ, ബേബി വർഗീസ്, കെ.സി. യോഹന്നാൻ എന്നിവർ സംസാരിച്ചു.


Tags:    
News Summary - shahala sherin death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.