കോഴിക്കോട്: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.പി. സി.പി.എം പി.ആർ നടത്തി പിണറായിയുടെ സ്വർണരൂപം എത്ര കാണിക്കാൻ ശ്രമിച്ചാലും ജനങ്ങൾ കാണുക ഉമ്മൻ ചാണ്ടിയുടെ രൂപമാണെന്ന് ഷാഫി പറഞ്ഞു. പിണറായി വിജയൻ എന്ന ബെല്ലാൽ ദേവന്‍റെ സ്വർണ പ്രതിമ കെട്ടിപ്പൊക്കി കാണിക്കാൻ ശ്രമിച്ചാലും ഉമ്മൻചാണ്ടി എന്ന ബാഹുബലിയുടെ രൂപമാണ് മലയാളി കാണുന്നത് എന്നതാണ് വസ്തുതയെന്നും ഷാഫി പരിഹസിച്ചു.
5,000 കോടി രൂപയുടെ പദ്ധതിക്ക് 6,000 കോടി രൂപ അഴിമതി ആരോപിച്ച ആളുകൾ ഇപ്പോൾ ഒരു ജാള്യതയുമില്ലാതെ തങ്ങൾ കൊണ്ടു വന്നതാണെന്ന് പറയാൻ ശ്രമിക്കുന്നു. ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി വൈകാൻ സർക്കാറിന്‍റെ മെല്ലേപ്പോക്കും കാരണമായി. റോഡ്, റെയിൽ കണക്ടിവിറ്റി ഇതുവരെയും പൂർത്തിയാക്കിയിട്ടില്ല.
വിഴിഞ്ഞം പദ്ധതി കടന്നുവന്ന വഴികളിൽ അർഹതപ്പെട്ട ആളുകൾക്ക് അംഗീകാരം നൽകുക എന്നത് ജനാധിപത്യ മര്യാദയാണ്. അത് അവർ കാണിക്കാത്തത് കൊണ്ട് ആകാശം ഇടിഞ്ഞുവീശില്ല. അവരിൽ നിന്ന് പ്രതീക്ഷിക്കുന്നുമില്ല.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടിയെ വിളിച്ചില്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് കുമ്മനം രാജശേഖരനും വിഴിഞ്ഞം ഉദ്ഘാടനത്തിന് രാജീവ് ചന്ദ്രശേഖരനും വരാം. അന്ന് ഉമ്മൻചാണ്ടിയെയും ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കക്ഷിക്കാതെ ഔദ്യോഗിക പരിപാടിയിൽ തൊട്ടുകൂടായ്മ കാണിക്കുകയാണ്. ഔദ്യോഗിക പരിപാടിയിൽ തൊട്ടുകൂടായ്മ കാണിക്കുന്നത് ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.
കോൺഗ്രസ് വിരുദ്ധതയുടെ കാര്യത്തിൽ ബി.ജെ.പിക്കൊപ്പം തങ്ങളുമുണ്ടെന്ന സന്ദേശം മോദിക്ക് നൽകാനാണ് ഇപ്പോൾ കാണിച്ചു കൂട്ടുന്നതെല്ലാം. വിഴിഞ്ഞത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും തുരങ്കം വെച്ചത് ആരാണെന്നും അഴിമിത കഥകൾ ഉന്നയിച്ചത് ആരാണെന്നുമുള്ള യാഥാർഥ്യം ജനങ്ങൾക്കറിയാമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.