പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായി ഉയർന്ന ആരോപണങ്ങളൊന്നും സി.പി.എമ്മോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളോ ഉന്നയിച്ചതല്ലെന്നും കുറേ കാലമായി കോൺഗ്രസ് നേതൃത്വത്തിന് അറിയുന്നവയാണെന്നും കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ എ.കെ.ഷാനിബ് പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരിക്കാൻ പോലും യോഗ്യതയില്ലാത്തയാളെ പാലക്കാടിനുമേൽ അടിച്ചേൽപ്പിക്കരുതെന്നും എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഷാനിബ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
താൻ കൂടി പങ്കെടുത്ത ചിന്തൻ ശിബിരത്തിൽ സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പരാതി കൊടുത്ത പെൺകുട്ടിയെ അപമാനിക്കുകയാണ് ചെയ്തതെന്നും ഷാനിബ് പറഞ്ഞു.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അന്നേ ഷാഫി പറമ്പിലിനും വി.ഡി.സതീശനുമെല്ലാം അറിയാമായിരുന്നുവെന്നും 'ചെളിയിൽ ചവിട്ടിയാൽ കുഴപ്പമില്ല, അത് വൃത്തിയായി കഴുകിയിട്ട് വരണം, ആളുകൾ അറിയാതെ നോക്കാനുള്ള കഴിവ് കൂടി വേണം' എന്നാണ് ഷാഫി രാഹുലിനെ ഉപദേശിച്ചതെന്ന് ഷാനിബ് പറഞ്ഞു. ഇത്തരം ആളുകൾക്ക് എല്ലാ സംരക്ഷണ കവചവും ഒരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും ഷാനിബ് കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പാർട്ടി കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അതിന്റെ കൂടെയാണ് താനെന്നും സന്ദീപ് വാര്യർ ഡല്‍ഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിന്റെ പേരിൽ കോൺഗ്രസിനെ ആക്രമിക്കാനും ആക്ഷേപിക്കാനും ബി.ജെ.പിക്കും കേരളത്തിലെ സി.പി.എമ്മിനും എന്താണ് അർഹതയെന്ന് സന്ദീപ് ചോദിച്ചു.
"രാഹുലിനെതിരെ ഇന്ന് പുറത്തുവന്നിട്ടുള്ള ശബ്ദരേഖ ബി.ജെ.പിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണെന്ന് ന്യായമായും സംശയിക്കുന്നു. ബി.ജെ.പിയുടെ സംഘടനയിൽപെട്ടയാളാണ് ആക്ഷേപം ഉന്നയിച്ചത്. ആ വ്യക്തിക്ക് ബി.ജെ.പിയുടെ ജില്ല പ്രസിഡന്റിനുള്ള ബന്ധമുണ്ട്. ഇവരുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു എന്ന് ആരോപണം ഉന്നയിച്ചയാൾ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഈ ജില്ല പ്രസിഡന്റിന്റെ സ്വഭാവത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അദ്ദേഹം യുവമോർച്ചയിലുണ്ടായിരുന്ന സമയത്ത് ഒരു ചെറുപ്പക്കാരനുമായി ബന്ധപ്പെട്ട് എന്ത് സവിശേഷമായ ബന്ധമാണ്, എന്തിന്റെ പേരിലാണ് കുറച്ചുകാലം അദ്ദേഹത്തെ സംഘടന മാറ്റി നിർത്തിയതെന്ന് അന്വേഷിച്ച് കഴിഞ്ഞാൽ സ്വഭാവികമായും ഈ സംശയും കൂടും.
പാലക്കാട് എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പിക്കാരെ കണ്ടാൽ വാസവദത്തപോലും ചമ്മിപോകും. ബി.ജെ.പിയുടെ പാലക്കാട്ടെ പാൽ സൊസൈറ്റി നേതാവ്, ആ നേതാവിന്റെ കുടുംബത്തിലെ ഒരു പെൺകുട്ടി ലൈംഗിക അതിക്രമ പരാതി ആർ.എസ്.എസിന്റെ സംസ്ഥാന ഓഫീസിൽ പോയി പറഞ്ഞിട്ടുണ്ട്. പിന്നീട് ഭയന്നിട്ടാണ് കുട്ടി പുറത്തുപറയാതിരുന്നത്."- സന്ദീപ് വര്യർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.