കോഴിക്കോട്: മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിൽ രണ്ട് ദശാബ്ദത്തോളം സധൈര്യം പോരാടിയ സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ലെന്ന് കോൺഗ്രസ് എം.പി ഷാഫി പറമ്പിൽ. ആദരാഞ്ജലി ആർപ്പിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പിൽ സകിയ ജാഫരിയുടെ പോരാട്ടത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. സകിയ ജാഫരിയുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.
'ഗുജറാത്ത് കലാപത്തിന്റെയും ഗുൽബർഗ് സൊസൈറ്റി കൂട്ടകൊലയുടെയും ജീവിക്കുന്ന രക്തസാക്ഷിയും, ഇരയും പോരാളിയുമായിരുന്ന, സകിയ ജാഫരിക്ക് വേദനയോടെ ആദരാഞ്ജലികൾ. അവരുടെ ഭർത്താവും കോൺഗ്രസ് എം.പിയുമായിരുന്ന ഇഹ്സാൻ ജാഫരിയുടെയും ഗുൽബർഗ് സൊസൈറ്റിയിൽ ക്രൂരമായി കൊല്ലപ്പെട്ട നിരപരാധികളായ മനുഷ്യർക്കും വേണ്ടി ഈ ജനാധിപത്യ രാഷ്ട്രത്തിലെ നീതിന്യായ വ്യവസ്ഥക്ക് മുന്നിലും, മോദി- അമിത്ഷാമാരുടെ ഭീഷണികൾക്ക് മുന്നിലും രണ്ടു ദശാബ്ദത്തോളം സധൈര്യം പോരാടിയ സകിയ ജാഫരിയുടെ ഇച്ഛാശക്തിക്ക് സമാനതകളില്ല. അവരുടെ ദീപ്തസ്മരണകൾ ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ പോരാളികൾക്കും ആവേശമായി എന്നും നിറഞ്ഞു നിൽക്കട്ടെ'.
2002ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സകിയ ജാഫരി (86) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കലാപത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യയും മനുഷ്യാവകാശ പ്രവർത്തകയുമാണ് സകിയ ജാഫരി. കലാപത്തിനിടെ അഹ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന ആക്രമണത്തിൽ ഇഹ്സാൻ ജാഫരിയുൾപ്പെടെ 69 പേരാണ് കൊല്ലപ്പെട്ടത്. ഇരകൾക്കായി അവസാനം വരെ പൊരുതിയ സകിയയുടെ നിയമപോരാട്ടം ദേശീയ ശ്രദ്ധ നേടിയിരുന്നു.
കലാപത്തിലെ അതിജീവിത കൂടിയായ സകിയ 2008ൽ നൽകിയ ഹരജിയിൽ ഗുൽബർഗ് സൊസൈറ്റി ഉൾപ്പെടെയുള്ള ഒമ്പത് കേസുകളിൽ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് അന്വേഷിച്ച പ്രത്യേകസംഘം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 63 പേർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി മജിസ്ട്രേറ്റ് കോടതി തള്ളിയതോടെ ഗുജറാത്ത് ഹൈകോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചു. 2022 ജൂൺ 24ന്, സുപ്രീംകോടതി ജാഫരിയുടെ അപ്പീൽ തള്ളുകയും പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ശരിവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.