തൃശൂർ: കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസ്. ദേശമംഗലം സ്വദേശി കനക കുമാറിനെതിരെയാണ് കേസ്.
സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി ഇയാളെ സസ്പെൻഡ് ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചെറുതുരുത്തി പോലീസിന് പരാതി കൈമാറുകയായിരുന്നു. വൈസ് ചാൻസലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചെറുതുരുത്തി പൊലീസ് കേസ് എടുത്തത്. ഇയാൾ കലാമണ്ഡലത്തിൽ ഗ്രേഡ് എ വിഭാഗത്തിൽ പെടുന്ന അധ്യാപകനാണ്.
ഇയാൾ പലപ്പോഴും വിദ്യാർഥികളോട് മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. വിദ്യാർഥികളുടെ പരാതിയിന്മേൽ കനകകുമാറിനെ വൈസ് ചാൻസിലർ സസ്‌പെന്റ് ചെയ്തിരുന്നു. ചെറുതുരുത്തി പൊലീസ് വിദ്യാർഥികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
അധ്യാപകൻ ക്ലാസിൽ മദ്യപിച്ചു വരുന്നുവെന്നും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്നാണ് പരാതിയുള്ളത്. ഇന്നലെ രാത്രിയോടെ വിദ്യാർഥികളുടെ മൊഴിയെടുത്തത് ചെറുതുരുത്തി പൊലീസ് ഇന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ നീങ്ങുമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.