കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ പരാതിപ്പെടാൻ വൈകുന്നത് കാരണം കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കൃത്യമായ തെളിവുകളുളളപ്പോൾ കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. 11കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയെ കുറ്റക്കാരനായി കണ്ടെത്തിയ നടപടി ശെരിവെച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരിക്കുന്ന സമയത്ത് അതിക്രമിച്ചു കയറി പ്രതി ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്.
സംഭവം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ നഗ്ന ചിത്രം പകർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോളാണ് ഇക്കാര്യം ഡോക്ടറോട് പറഞ്ഞത്. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടാണ് പെൺകുട്ടി അമ്മക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. 2011 ജനുവരി നാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
പാലക്കാട് അഡീഷണൽ കോടതി പ്രതിക്ക് ഏഴ് വർഷം ശിക്ഷ വിധിച്ചത് പിന്നീട് അപ്പീലിൽ അഞ്ച് വർഷമായി കുറച്ചിരുന്നു. പരാതി നൽകാനെടുത്ത കാലതാമസം ഉൾപ്പെടെയുള്ള കാരണങ്ങൾ കാട്ടി ഹർജിക്കാരൻ കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാനെടുത്ത കാലതാമസത്തിനു വ്യക്തമായ കാരണമുണ്ടെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.