കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിയന്ത്രിക്കാൻ സർക്കാർ മൂന്ന് മാസത്തിനകം ഉത്തരവിറക്കണമെന്ന് ഹൈകോടതി. കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കാവൂയെന്നും ലിംഗമാറ്റ-ലിംഗ സ്ഥിരീകരണ ശസ്ത്രക്രിയകൾക്ക് അനുമതി നൽകുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. ലിംഗമേതെന്ന് തിരിച്ചറിയാനാകാത്ത നിലയിലുള്ള കുട്ടിയുടെ ലിംഗ സ്ഥിരീകരണ ശസ്ത്രക്രിയക്ക് അനുമതി തേടി മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജിക്കാരിക്ക് ജനിച്ചത് പെൺകുട്ടിയാണെങ്കിലും നാലുവയസ്സായപ്പോൾ ലിംഗമാറ്റത്തിനുള്ള സാധ്യത കണ്ടുതുടങ്ങി. എന്നാൽ, കുട്ടിയെ പരിശോധിച്ചപ്പോൾ ഗർഭപാത്രവും അണ്ഡാശയവും ഉള്ളതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ പെൺകുട്ടിയായി ജീവിക്കാൻ അനുവദിക്കണമെന്നും ഇതിനു സഹായിക്കുന്ന തരത്തിൽ സർജറി നടത്തി ലിംഗ സ്ഥിരീകരണം നടത്തണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. ഇതിന് കോടതിയുത്തരവ് വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
തിരിച്ചറിവില്ലാത്ത പ്രായത്തിൽ കുട്ടികളിൽ ഇത്തരം സർജറി അനുവദിക്കുന്നത് അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കും. ശസ്ത്രക്രിയയിലൂടെ ലിംഗ സ്ഥിരീകരണം നടത്തിയ കുട്ടി വളർന്നു വരുമ്പോൾ എതിർലിംഗത്തിന്റെ സ്വഭാവവും ശാരീരിക രൂപവുമാണ് പ്രകടിപ്പിക്കുന്നതെങ്കിൽ വലിയ മാനസിക, വൈകാരിക പ്രശ്നങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരുടെ കേസിൽ ഉചിതമായ തീരുമാനമെടുക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതല സമിതിക്ക് രൂപം നൽകാൻ സർക്കാറിനോടു നിർദേശിച്ചു. പീഡിയാട്രീഷൻ അല്ലെങ്കിൽ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ്, പീഡിയാട്രിക് സർജൻ, ചൈൽഡ് സൈക്കോളജിസ്റ്റ് അല്ലെങ്കിൽ ചൈൽഡ് സൈക്യാട്രിസ്റ്റ് എന്നിവർ സമിതിയിലുണ്ടാകണം. ഈ സമിതി രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണം. കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രം സർജറിക്ക് അനുമതി നൽകിയാൽ മതിയെന്നും വിധിയിൽ പറയുന്നു.
ലിംഗ ഭേദം സംഭവിക്കുന്നവരുടെ ദുരിതം വ്യക്തമാക്കി ഇംഗ്ലീഷ് കവയിത്രി സാറ ക്രൂസ് എഴുതിയ ‘ദ്രവമാണ് ഞാൻ’ എന്ന കവിതയിൽനിന്നുള്ള വരികളും കോടതി വിധിന്യായത്തിൽ ഉൾപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.