കാക്കനാട് (കൊച്ചി): പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ് ആത്മഹത്യാശ്രമത്തിനുമുമ്പ് സുഹൃത്തുക്കൾക്ക് അയച്ച കുറിപ്പിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനം. കോളജിലെ എസ്.എഫ്.ഐക്കാരും അധികാരികളും നിയമസംവിധാനവുമൊക്കെ ഉൾപ്പെടുന്ന കഴുകന്മാർ കൊല്ലുംമുമ്പ് താൻ സ്വയം മരിക്കുകയാണെന്നും അലൻ കുറിക്കുന്നു. ‘ഞാൻ തീവ്രവാദിയാണെന്ന് അവർ പറയുന്നു. എന്നാൽ, യഥാർഥ അക്രമികൾ അവരാണ്. അധികാരക്കസേരയിലിരുന്ന് സാധാരണക്കാരന്റെ ജിവിതംകൊണ്ട് അമ്മാനമാടുകയാണ് അവർ. ഇതിന് അന്ത്യംകുറിക്കാനുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. അതിനുള്ള കരുത്ത് എനിക്കില്ലാതെ പോയി’.
മരിക്കണമെന്ന് കരുതിത്തന്നെയാണ് താനിത് ചെയ്യുന്നത്. തലകുനിച്ചുള്ള ജീവിതത്തെക്കാൾ നല്ലത് മരണമാണെന്ന വാചകങ്ങളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. വിവിധ കാര്യങ്ങൾ നമ്പറിട്ടാണ് എഴുതിയിരിക്കുന്നത്. ഇതിൽ രണ്ടാമതായാണ് അധികൃതർക്കും എസ്.എഫ്.ഐക്കുമെതിരെയുള്ള വിമർശനം. താൻ മരിച്ചാൽ സുഹൃത്തുക്കൾക്കുള്ള വേദനയിൽ മാപ്പുചോദിക്കുകയാണ് മൂന്നാമത്. നാലാമത്തെ കാര്യമായി, കൂടെനിന്നതിന് താഹക്കും സഖാക്കൾക്കുമുള്ള നന്ദിയാണുള്ളത്. ‘നിങ്ങളായിരുന്നു എനിക്ക് ഏറ്റവും വലിയ കരുത്ത്. നിങ്ങളുടെ കരുത്തുകൊണ്ട് മാത്രമാണ് ഇത് ഇത്രയും വൈകിയത്. പക്ഷേ, ഇനിയും ജീവിക്കാൻ വയ്യ. പോരാട്ടത്തിൽ ഒറ്റക്കാക്കി പോയതിൽ മാപ്പ്. ശരിക്കും ഞാൻ ശ്രമിച്ചു. ശാരീരികവും മാനസികമായും ഞാൻ ഏറെ തകർന്നിരിക്കുകയാണ്. മുന്നോട്ട് തന്നെ! ലാൽ സലാം!’ എന്നാണ് താഹയോടും സുഹൃത്തുക്കളോടും പറയുന്നത്.
താനിത്ര കാലം ജീവിച്ചത് അമ്മ, അച്ഛൻ, ഏട്ടൻ, വല്യമ്മ, ആരോമൽ എന്നിവരുടെ കൂടെ പിന്തുണ കൊണ്ടാണെന്നും ഊന്നിപ്പറയുന്നു. ഇരുട്ടിൽ വെളിച്ചം പകർന്ന അധ്യാപകരായ നജ്മ, അയിഷ, ഡോക്ടർമാരായ വർഷ, ആശിഷ് എന്നിവരോടും കടപ്പാട് പ്രകടിപ്പിക്കുന്നുണ്ട്.
മരിച്ചാൽ മൃതദേഹം എല്ലാവരെയും കാണിക്കണമെന്നും കേരളത്തിന് പുറത്ത് ഉള്ളവർ വരുന്നതുവരെ കാത്തുനിൽക്കണമെന്നും അഭ്യർഥനയുണ്ട്. തന്റെ കോളജിൽ കൊണ്ടുപോകരുത്. ചെങ്കൊടി പുതപ്പിക്കാൻ താഹ വരും. ഫോണും ബൈക്കും താഹക്ക് കൊടുക്കണം. ‘കടന്നാക്രമണത്തിന്റെ കാലത്ത് കൊഴിഞ്ഞുപോയ ഒരു പൂവായി സ്വയം ഞാനെന്നെ രേഖപ്പെടുത്തുന്നു. പക്ഷേ, വസന്തം വരുക തന്നെ ചെയ്യും’ എന്ന പ്രത്യാശയും പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.