കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.
രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കുട്ടികളിൽനിന്ന് മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
കൽപറ്റ: ജില്ലയിൽ ഷിഗല്ലെ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യസുരക്ഷ കമീഷണറുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മിഷൻ ക്ലീൻ കേരള നടപടികൾ പുരോഗമിക്കുന്നു. രോഗവ്യാപനം തടയുന്നതിനും വൃത്തിഹീനമായ തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് സുൽത്താൻ ബത്തേരി കേന്ദ്രികരിച്ചു നടത്തിയത്.
ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ, പൊതു ശുചിത്വ മാർഗനിർദേശങ്ങൾ എന്നിവയിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട ഒമ്പത് സ്ഥാപനങ്ങൾ പൂട്ടിച്ചു. ബത്തേരി ഗാന്ധി ജങ്ഷനിലെ ബഷീറിന്റെ തട്ടുകട, ഈസ്റ്റേൺ ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഷംസുദ്ദീന്റെ തട്ടുകട, ഉഡുപ്പി ഹോട്ടലിന് സമീപത്തെ സതീശന്റെ തട്ടുകട, കോട്ടക്കുന്നിലെ അബ്ദുൽ ഖാദറിന്റെ തട്ടുകട, ചുള്ളിയോട് റോഡിലെ ടീ കമ്പനി, ഗാന്ധി ജങ്ഷനിലെ സിറ്റി തട്ടുകട, ന്യൂഫാസ്റ്റ് ഫുഡ്, കോട്ടക്കുന്നിലെ ബജി കട, ചുള്ളിയോട് റോഡിലെ ലക്ഷ്മി പാനിപൂരി കട എന്നിവയാണ് പൂട്ടിയത്. നടപടികൾക്ക് സുൽത്താൻ ബത്തേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ, സുൽത്താൻ ബത്തേരി എഫ്.എസ്.ഒ, മാനന്തവാടി എഫ്.എസ്.ഒ, കൽപറ്റ എഫ്.എസ്.ഒ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.