ദാമോദര മേനോനെ സുകുമാരക്കുറുപ്പാക്കിയത് നാട്ടിലെത്തിക്കാനിരിക്കെ; സർക്കാറിന് കത്തയച്ചത് ഇന്ത്യന്‍ ഹൈകമ്മീഷന്‍

തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്‍റേതെന്ന തരത്തിൽ ചാനലുകൾ പുറത്തുവിട്ട ചിത്രത്തിന്‍റെ യഥാർഥ ഉടമ ദാമോദര മേനോനെ കേരളത്തിലെത്തിച്ച് ചികിത്സയും സംരക്ഷണവും ഒരുക്കാന്‍ ഒരു മാസം മുമ്പ് നോർക്ക ഇടപെട്ടിരുന്നുവെന്ന് റിപ്പോർട്ട്. തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദരനെ കുടുംബം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നോർക്ക റൂട്ട്സിന്‍റെ ഇടപെടൽ ഉണ്ടായത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന മേനോന്‍ കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നെന്നും പറയുന്നു. ബ്രൂണെ ദാരുസലാമിലെ ഇന്ത‍്യന്‍ കമീഷനിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നോർക്ക ഇടപെട്ട് സർക്കാറിന് കത്തയച്ചു. ജൂലൈ രണ്ടിനാണ് കത്തയച്ചത്. മേനോന് കേരളത്തിൽ താമസസൗകര്യവും ചികിത്സാ സൗകര്യവും ഒരുക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു കത്ത്.

രോഗങ്ങളും ഓർമക്കുറവും അലട്ടുന്ന മേനോനെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമിഷനും ബ്രൂണയിലെ സന്നദ്ധസംഘടനാ പ്രവർത്തകരും ശ്രമം നടത്തുന്നതിനിടെയാണ് വിവാദം ഉയരുന്നത്. വാടക നൽകാൻ പോലും പണമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലായ മേനോന് സഹായം ആവശ്യമാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ സന്നദ്ധസംഘടനകളെയും മറ്റും അറിയിക്കുകയായിരുന്നു. വാടക നൽകാത്തതിനാൽ വീട്ടുടമയായ ചൈനീസ് യുവതി മേനോനെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിക്കുക‍യായിരുന്നു. 

അതേ സമയം ചാനലുകൾ പുറത്തുവിട്ട ചിത്രവും പാസ്​പോർട്ടും തന്റെ ​ജ്യേഷ്ടൻ ദാമോദര മേനോന്റേതാണെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരൻ രംഗത്തെത്തുകയായിരുന്നു. 

40 വർഷം മുമ്പ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയിരുന്നു. പാലക്കാട് സ്വദേശിനിയെ അവിടെവെച്ച് വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. തങ്ങളുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും കരുണാകര മേനോൻ പറഞ്ഞു. ജോൺ മേനോൻ എന്ന ​പേരിൽ പ്രചരിച്ച ചിത്രത്തിലുള്ളത് സഹോദരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോൻ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. വിദേശരാജ്യത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരങ്ങളുടെ നിജസ്ഥിതി അറിയാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി മുഖേനയാകും അന്താരാഷ്ട്ര അന്വേഷണ ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാനുള്ള അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളും പ്രചാരണങ്ങളും പുറത്തുവന്നത്. .

 
Tags:    
News Summary - The controversy comes as Damodara Menon is about to be brought back home.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.