സർക്കാറിന് തിരിച്ചടി; ബ്രുവറി അഴിമതി കേസ് തുടരും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബ്രൂവറി-ഡിസ്റ്റിലറികൾ അനുവദിച്ചതിൽ അഴിമതി നടന്നെന്നാരോപിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളി. ബ്രൂവറിക്ക് ലൈസൻസ് നൽകിയ സമയത്തുള്ള സർക്കാർ ഫയലുകൾ കോടതിയിൽ ഹാജരാക്കാൻ നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന ചെന്നിത്തലയുടെ അപേക്ഷയും തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി അനുവദിച്ചു. സമാന ഹരജി ഹൈകോടതി തള്ളിയതിനാൽ കേസിന് നിയമ സാധുതയില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. എന്നാൽ, വിജിലൻസ് നീക്കങ്ങൾ കോടതി തള്ളണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ വാദിച്ചു.

അഴിമതി ആരോപണങ്ങൾ തെളിയിക്കുന്നതിന് വിജിലൻസ് പ്രോസിക്യൂട്ടർതന്നെ തടസ്സവാദം ഉന്നയിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. കോടതി സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന സമയത്ത് ഫയലുകൾ സാക്ഷിയെ കാണിച്ച് രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ വാദിച്ചിരുന്നു. ആ വാദമാണ് കോടതി തള്ളിയത്. ഇരു ഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ തവണ ചെന്നിത്തലയുടെ മൊഴി എടുത്ത ശേഷം മുൻ മന്ത്രിമാരെ സാക്ഷികളായി വിസ്തരിക്കാൻ സമൻസ് നൽകിയിരുന്നു. ഇവരുടെ സാക്ഷി വിസ്താരം ജൂലൈ 17ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയ‍ന്‍റെ താൽപര്യപ്രകാരം ബ്രൂവറി-ഡിസ്റ്റിലറികൾ അനുവദിക്കാൻ മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അനധികൃതമായി തീരുമാനിച്ചെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു രമേശ്‌ ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി, മുൻ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ, മുൻ എക്‌സൈസ് കമീഷണർ ഋഷിരാജ് സിങ്, ബ്രൂവറി - ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണർമാർ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    
News Summary - Setback for government; The brewery corruption case will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.