വെള്ളക്കെട്ട് പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിച്ച് ഓവുചാൽ ഒരുക്കി
മുഴപ്പിലങ്ങാട്: വെള്ളക്കെട്ട് പരിഹരിക്കാൻ സർവീസ് റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാതെ 50-ഓളം കുടുംബങ്ങൾ ദുരിതത്തിലായ സാഹചര്യത്തിൽ ആർ.ഡി.ഒ.യുടെ നിർദേശപ്രകാരമാണ് റോഡ് പൊളിക്കൽ ആരംഭിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് റോഡ് പൊളിച്ചുതുടങ്ങിയത്. എന്നാൽ നിലവിലെ വെള്ളക്കെട്ടിന് ഇത് വേണ്ടത്ര ഫലം ചെയ്യുമോ എന്ന് അറിയേണ്ടതുണ്ട്. ദേശീയപാത നിർമ്മാണം നടന്നുകൊണ്ടിരിക്കെ നേരെത്തെ ഉണ്ടായ ഓവുചാൽ തടസ്സപ്പെട്ടതാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. സർവീസ് റോഡ് പൊളിക്കുന്നതോടെ മലക്ക് താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തെ ഇതുവഴി തിരിച്ചുവിടാനാവുമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, നിലവിലെ സർവീസ് റോഡ് ഇല്ലാതാവുന്നതോടെ ഇത് വഴിയുള്ള യാത്ര സൗകര്യമാണ് ഇല്ലാതാവുക. ഇത് ഗതാഗതത്തോടൊപ്പം കാൽനടയാത്രയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
വെള്ളിയാഴ്ചയും വെള്ളക്കെട്ട് അതേപടി തുടരുകയാണ്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശത്തുനിന്നും മത്സ്യത്തൊഴിലാളികൾ തോണിയിറക്കിയാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്. നിലവിൽ 25ലേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾക്കടക്കം കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.