തിരുവനന്തപുരം: സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ബി.ജെ.പി നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയത് വിനയായെന്ന് രാജ്ഭവൻ വിലയിരുത്തൽ. ഇത് ഗവർണർക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ സി.പി.എമ്മിനും വിദ്യാർഥി, സർവിസ് സംഘടനകൾക്കും വഴിയൊരുക്കി.
കേരള സർവകലാശാല സെനറ്റിലേക്ക് 17 പേരെ നാമനിർദേശം ചെയ്തതിലാണ് ഗവർണർക്ക് പാളിയത്. 15 പേരെയും ബി.ജെ.പി പട്ടികയിൽനിന്നാണ് ഗവർണർ നാമനിർദേശം ചെയ്തത്. സർവകലാശാല നൽകിയ പട്ടികയിൽനിന്ന് ഒരാളെ പോലും പരിഗണിച്ചതുമില്ല. ഇതിന് പിന്നാലെയാണ് നാലു വിദ്യാർഥികളുടെ നാമനിർദേശം ഹൈകോടതി സ്റ്റേ ചെയ്തത്.
എന്നാൽ, കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് 18 പേരെ നാമനിർദേശം നടത്തിയപ്പോൾ വിവിധ പാർട്ടികളുടെ പ്രതിനിധികൾക്കും ഗവർണർ പ്രാതിനിധ്യം നൽകിയിരുന്നു. ഇവിടെ അഞ്ച് ബി.ജെ.പി നോമിനികളെ ഉൾപ്പെടുത്തിയപ്പോൾ കോൺഗ്രസ്, ലീഗ് പ്രതിനിധികൾക്കും ക്രൈസ്തവ സംഘടനകൾക്കും പ്രാതിനിധ്യം നൽകി.
കേരളയിലെ നാലു പേരുടെ നാമനിർദേശം കോടതി സ്റ്റേ ചെയ്തതോടെ ഇവരുടെ പ്രാവീണ്യം കോടതിയിൽ ബോധ്യപ്പെടുത്താൻ ചാൻസലറായ ഗവർണർ ബാധ്യസ്ഥാനാകും. എ.ബി.വി.പിക്കാരെയാണ് ഗവർണർ പരിഗണിച്ചത്. കേരള സെനറ്റിൽ ബി.ജെ.പിക്കാരെ കൂട്ടത്തോടെ തിരുകിക്കയറ്റിയതും നാലുപേരുടെ നാമനിർദേശം സ്റ്റേ ചെയ്തതും ഗവർണറുടെ നടപടിക്കെതിരെ സർക്കാറിനും സി.പി.എമ്മിനും ആയുധമായി മാറി.
ചാൻസലർ എന്ന നിലയിൽ ഗവർണർ എട്ട് സർവകലാശാലകളിലാണ് വി.സി നിയമനം നടത്താനുള്ളത്. സംഘ്പരിവാർ വി.സി പദവി ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളും ഇതിന് ഗവർണർ വഴങ്ങുമോ എന്നതും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.