റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധനക്കെതിരെ പിണറായി വിജയൻ; ‘മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം’

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ ചാനലിൽ നടത്തിയ പൊലീസ് പരിശോധനക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

‘അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തി. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലും മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരിക്കുന്നത്. ന്യൂസ് ക്ലിക്ക് ഓഫിസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഈ അതിക്രമം കേരളം അംഗീകരിക്കാൻ പോകുന്നില്ല.

മാധ്യമങ്ങൾക്ക് നേരെ നടന്ന ഈ കടന്നാക്രമണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് മറുപടി പറയേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ നടന്ന നിന്ദ്യമായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു’ -പിണറായി വിജയൻ വ്യക്തമാക്കി.

തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇന്ന് പുലർച്ചെ മുതലാണ് അഗസ്റ്റിൻ സഹോദരങ്ങളുടെ വീടുകളടക്കം അഞ്ചിടങ്ങളിൽ എസ്.ഐ.ടി ​റെയ്ഡ് നടത്തിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ കേന്ദ്രങ്ങളിൽ ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫിസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.

കേസന്വേഷണത്തിന്റെ ഭാഗമായി ചാനൽ ന്യൂസ് ഡെസ്കിലെ ജേണലിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതായി ചാനൽ അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ച് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.

വലിയതോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജിഎസ്ടി വകുപ്പിന്റെ അടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

സുപ്രധാന രേഖകൾ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പരിശോധന. കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് റെയ്ഡ് നടത്തുന്നത്. ആർബിസിയുടെ ഓഫീസ് ഉൾപ്പെടുന്ന റിപ്പോർട്ടർ ചാനലിന്റെ കെട്ടിടത്തിലും പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്.

സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പ് കണ്ടെത്തിയത്. സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അർജന്റീന ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 126 കോടി രൂപയാണ് കൈമാറിയത്. 126 കോടി രൂപയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കിത്തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് മാറ്റിയത്.

Tags:    
News Summary - Pinarayi Vijayan condemns raid at Reporter channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.