വൈദ്യുതി പ്രതിസന്ധി: കേരളം സുപ്രീംകോടതിയിൽ; കരാറുകൾ റദ്ദാക്കിയതിൽ അടിയന്തര ഇടപെടൽ വേണം

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന അതിരൂക്ഷ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടലിനായി കേരള സർക്കാർ സുപ്രീംകോടതിയിൽ. ദീർഘകാലത്തെ വൈദ്യുതി സംഭരണത്തിനായി കേരളം ഉണ്ടാക്കിയ കരാറുകൾ ‘അപ്പലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി’ റദ്ദാക്കിയത് മരവിപ്പിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനെ എതിർ കക്ഷിയാക്കി, സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. സയ്യിദ് മർസൂഖ് ബാഫഖി മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്. ദീർഘകാല വൈദ്യുതി സംഭരണത്തിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉണ്ടാക്കിയ കരാറുകൾ റദ്ദാക്കിയ ട്രൈബ്യൂണൽ നടപടി ചോദ്യംചെയ്ത് കേരളം ഒരു വർഷം മുമ്പ് സമർപ്പിച്ച അപ്പീലുകൾ അടിയന്തരമായി പരിഗണിച്ച് തീർപ്പാക്കണമെന്നാണ് ആവശ്യം. 2025 ഫെബ്രുവരി 13ന് ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിക്കെതിരെ 2025 സെപ്റ്റംബർ 15ന് കേരളം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി സ്വീകരിച്ചതാണെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതിയായ ഊർജോൽപാദനം ഇല്ലാത്ത കേരളത്തിൽ 315 മെഗാ വാട്ട് 24 മണിക്കൂറും ലഭ്യമാക്കുന്നതിനായിരുന്നു കരാറുകൾ.

യൂനിറ്റിന് 4.15 രൂപ നിരക്കിൽ 215 മെഗാവാട്ട് വൈദ്യുതി ജാബുവ പവർ ലിമിറ്റഡ് കമ്പനിയിൽനിന്നും യൂനിറ്റിന് 4.29 രൂപ നിരക്കിൽ 100 മെഘാവാട്ട് വൈദ്യുതി ജിൻഡൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് കമ്പനിയിൽനിന്നും വാങ്ങാനായിരുന്നു കരാറുകൾ.

അതുപ്രകാരം 2023 വരെ വൈദ്യുതി വാങ്ങുകയും ചെയ്തു. എന്നാൽ, അതിനു ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ കരാർ റദ്ദാക്കിയത് തൊട്ടുണ്ടായ തടസ്സം കേരളത്തിന്റെ വൈദ്യുതി ആസൂത്രണത്തിലും സംഭരണത്തിലും ഗുരുതരമായ അസ്ഥിരത സൃഷ്ടിച്ചു. ആ നടപടി ശരിവെച്ചായിരുന്നു ട്രൈബ്യൂണൽ വിധി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഉണ്ടാക്കിയ കരാറുകൾ വഴി ഊർജ ലഭ്യത അസാധ്യമായതോടെ കേരളത്തിന്റെ ദീർഘകാലത്തേക്കുള്ള വൈദ്യുതി സംഭരണത്തെ അത് ഗുരുതരമായി ബാധിച്ചു.

25 വർഷത്തേക്ക് വൈദ്യുതി വാങ്ങാൻ 2014ലുണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കിയതുമൂലമുണ്ടായ ഊർജ പ്രതിസന്ധി അപ്രതീക്ഷിതവും അടിയന്തരവുമായ സാഹചര്യം സൃഷ്ടിച്ചു. അതോടെ വലിയ വില കൊടുത്ത് സമാന്തര വഴികളിലൂടെ വൈദ്യുതി വാങ്ങാൻ കേരളം നിർബന്ധിതമാകുകയും ചെയ്തു. 2024-25 കാലയളവിൽ മാത്രം 748.20 കോടിയുടെ ഭാരം അധിക വൈദ്യുതി വാങ്ങിയതിലൂടെ കേരളത്തിനുണ്ടായി. ഒരു യൂനിറ്റിന് 29.27 പൈസ ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാക്കുന്നതായിരുന്നു ഇത്. അധിക വില കൊടുത്ത് വൈദ്യുതി വങ്ങേണ്ടിവന്ന കേരളത്തിന് 12,570 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും അഡ്വ. മർസൂഖ് ബാഫഖി അപേക്ഷയിൽ ബോധിപ്പിച്ചു. 2026 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ലോഡ് െഷഡിങ്ങിന്റെയും വൈദ്യുതി നിയന്ത്രണത്തിന്റെയും പട്ടികയും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.