പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻഅനൂജ് പട്ടേലിനെ (37) പത്തനംതിട്ട സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് ഓൺലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതിയായ അടൂർ സ്വദേശി ജോയൽ വി ജോസിനെ ഒക്ടോബർ 31ന് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആനന്ദ് ആർ. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. ഇതിനിടെ ഒന്നാംപ്രതിയുടെ സഹായിയായി പ്രവർത്തിച്ച രണ്ടാം പ്രതി അഹമ്മദാബാദിൽ ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ല ക്രൈം റിപ്പോർട്ട്സ് ബ്യൂറോ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗീസിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി., സബ് ഇൻസ്പെക്ടർ ആശ വി,ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ് എം.ആർ, സിവിൽ പൊലീസ് ഓഫീസർ സഫൂറ മോൾ എന്നിവരടങ്ങിയ അന്വേഷണസംഘം അഹമ്മദാബാദിൽനിന്നും സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.