കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ 

മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി; കടുവക്കായി തിരച്ചിൽ തുടരുന്നു, മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിക്കും

കൽപറ്റ: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടർന്ന് നഗരസഭാ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ആഹ്വാനംചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കടുവയെ പിടികൂടാനായി തിരച്ചിൽ ഇന്നും തുടരും. പ്രദേശത്ത് കൂടുതൽ ആർ.ആർ.ടി സംഘത്തെ വിന്യസിച്ചാണ് തിരച്ചിൽ. മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ തിരച്ചിലിനായി എത്തിക്കും. തെർമൽ ഡ്രോൺ ഉപയോഗിക്കുന്നതും തുടരും. അതേസമയം, സ്ഥലത്ത് ഇന്നലെ വൈകീട്ടും കടുവയെ കണ്ടതായി നാട്ടുകർ പറഞ്ഞു.

പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

തോട്ടം തൊഴിലാളിയായ രാധ ഇന്നലെ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവയുടെ ആക്രമണത്തിനിരയായത്. വലിയ ജനരോഷം ഉണ്ടായതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് ഇറക്കി. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചിരിക്കുകയാണ്. രാധയുടെ ഭർത്താവ് അച്ചപ്പൻ വനംവാച്ചറാണ്. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കൾ. മന്ത്രി നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

നരഭോജി കടുവയെ പിടികൂടുകയോ അതിനു കഴിഞ്ഞില്ലെങ്കില്‍ വെടിവച്ചുകൊല്ലുകയോ ചെയ്യുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. സംഭവസ്ഥലത്തും ജില്ലയിലെ വനത്തോട് ചേര്‍ന്ന മറ്റുപ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ദ്രുതകര്‍മ സേനയെ നിയോഗിക്കും. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിദഗ്ധ ഷൂട്ടര്‍മാരെയും വെറ്ററിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട്ടിലെത്തിക്കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് നോർതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Tags:    
News Summary - search for the tiger continues in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.