കടൽ മണൽ ഖനനം: തീരപ്രദേശങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുമെന്ന് ജനകീയ പ്രതിരോധ സമിതി

കൊച്ചി: കേന്ദ്ര സർക്കാർ നിലവിൽ ഗൗരവത്തോടെ വിഭാവന ചെയ്യുന്ന കടൽ മണൽ ഖനനം തീരപ്രദേശങ്ങളെ സാമ്പത്തികമായും പാരിസ്ഥിതികമായും വൻ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ജനകീയ പ്രതിരോധ സമിതി. കൊച്ചി ചാവക്കാട് പൊന്നാനി ആലപ്പുഴ കൊല്ലം എന്നീ സ്ഥലങ്ങളിലെ കടലോര പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ ഖനനം ചെയ്യുവാൻ സർക്കാര് നടത്തുന്ന ഗൂഢ ശ്രമങ്ങൾ എതിരെ പ്രതികരിക്കുകയായിരുന്നു സമിതി.

ഇന്ത്യൻ ജിയോ ഫിസിക്കൽ യൂനിയൻറെ ഡയമണ്ട് ജൂബിലി വാർഷികം ആചരിച്ചുകൊണ്ടു കുസാറ്റി ൽ സംഘടിപ്പിച്ച കൺവെൻഷനിൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മാംഗ്ലൂർ മേഖലാ ഡയറക്ടർ ഡോ.സി.വി. ഗോപാലാന് വെളിപ്പെടുത്തിയതനുസരിച്ച് നിർമാണ മേഖലക്ക് ഉപയോഗിക്കുവാൻ പാകത്തിലുള്ള 750 ദശലക്ഷം ടൺ മണൽ കേരളത്തിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിച്ചാൽ മണലിന്റെ പ്രതിസന്ധി പരിഹരിക്കാൻ കഴിയും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ കേരളത്തിൻറെ തീരപ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങൾ കൂടിയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് കടലിനെയും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നത്. വേണ്ടത്ര പഠനവും അന്വേഷണവും വിലയിരുത്തലും നടത്താതെ ലാഭം മാത്രം കണ്ടുകൊണ്ടുള്ള നീക്കം വലിയ പ്രത്യാഘാതങ്ങൾ ആയിരിക്കും വരുത്തിവെക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതി ചൂണ്ടിക്കാണിച്ചു.

ബ്ലൂ ഇക്കോണമിയുടെ മറവിൽ കടലും തീരപ്രദേശങ്ങളും മത്സ്യത്തൊഴിലാളികളിൽ നിന്ന് തട്ടിയെടുക്കുവാനുള്ള കൗശല നീക്കം മാത്രമാണിത്. ഇതിനകം ടൂറിസത്തിന്റെ പേരിൽ മുക്കുവ കുടുംബങ്ങളെ തീരത്തു നിന്നും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിൽ ഇല്ലായ്മ കൊണ്ട് നട്ടം തിരിയുന്ന നാട്ടിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ കൂടി ഇല്ലാതാക്കരുത് എന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പ്രഫ.കെ. അരവിന്ദാക്ഷൻ, ഡോ.എം.പി മത്തായി, അഡ്വ: സി.ആർ. നീലകണ്ഠൻ, എം. ഷാജർ ഖാൻ തുടങ്ങിയവർ ജനകീയ പ്രതിരോധസമിതിക്ക് വേണ്ടി പ്രസ്താവിച്ചു.

Tags:    
News Summary - Sea sand mining: Economically and ecologically damaging coastal areas, People's Defense Committee says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.