കൊച്ചി: പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരള കടലിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താലും പണിമുടക്കും ആരംഭിച്ചു. ബുധനാഴ്ച രാത്രി 12ന് ആരംഭിച്ച സമരം വ്യാഴാഴ്ച അർധരാത്രി വരെ തുടരും.
പണിമുടക്കിൽ മത്സ്യമേഖല ഏറെക്കുറെ പൂർണമായി സ്തംഭിക്കും. ഫിഷറീസ് ഹാർബറുകളും ലാൻഡിങ് സെന്ററുകളും അടഞ്ഞുകിടക്കും. വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല. മത്സ്യം കയറ്റുന്ന വാഹനങ്ങളും ഓടില്ല. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് തീരദേശത്തുടനീളം പന്തംകൊളുത്തി പ്രകടനം നടന്നു.
വ്യാഴാഴ്ച രാവിലെ സംസ്ഥാനത്തെ 125ഓളം മത്സ്യബന്ധന കേന്ദ്രങ്ങളിൽ സംയുക്ത പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. മത്സ്യത്തൊഴിലാളികൾക്ക് പുറമെ, ബോട്ടുടമ- വ്യാപാരി സംഘടനകളും ഐസ് പ്ലാന്റുകളും പണിമുടക്കുമായി സഹകരിക്കുന്നുണ്ട്.
മാർച്ച് 12ന് മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ചും നടക്കും. ഖനന നീക്കവുമായി മുന്നോട്ടുപോയാൽ കടലിലും കരയിലും സമരം ശക്തമാക്കുമെന്ന് കേരള ഫിഷറീസ് കോഓഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ ചാൾസ് ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.