representational image

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്. അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണിപ്പോൾ.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെയും അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജാഗ്രത പാലിക്കണമെന്ന്

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്നും നിർദേശിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകരുതെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Sea attack in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.