പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി
ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തുടരുന്ന അനീതിക്കെതിരെ സമരം ചെയ്യുന്ന കെ.കെ. ഹര്‍ഷിനയും കുടുംബവും വയനാട്ടിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടപ്പോൾ
വൈത്തിരി: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തുടരുന്ന അനീതിക്കെതിരെ സമരം ചെയ്യുന്ന കോഴിക്കോട് സ്വദേശിനി കെ.കെ. ഹര്‍ഷിന വയനാട്ടിലെത്തി രാഹുല്‍ ഗാന്ധി എം.പിയെ കണ്ട് ദുരിതാനുഭവങ്ങള്‍ വിവരിച്ചു. ആരോഗ്യ മേഖലയിലെ വീഴ്ചയുടെ ഇരയായി അഞ്ചു വര്‍ഷം യാതന അനുഭവിച്ചതും നീതിതേടിയുള്ള സമരവും അധികൃതരുടെ അനീതിയും അവര്‍ രാഹുലിന് മുന്നില്‍ അവതരിപ്പിച്ചു.
അര്‍ഹമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് സമര സഹായസമിതിയുടെ സഹായത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ രണ്ടാംഘട്ട സത്യഗ്രഹത്തിലാണ് അവര്‍. ഹര്‍ഷിനയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ആവശ്യമായ ഇടപെടല്‍ ഉറപ്പുനല്‍കി. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും രാഹുല്‍ ഗാന്ധി ഹര്‍ഷിനയെ അറിയിച്ചു. സമര സഹായസമിതി ചെയര്മാന് ദിനേശ് പെരുമണ്ണ, കണ്‍വീനര്‍ മുസ്തഫ പാലാഴി, ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്റഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സര്‍ക്കാറിന് നീതി നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യാമായിരുന്നുവെന്ന് ഹര്‍ഷിന തുടര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു. എത്രകാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുക? ആരോഗ്യമന്ത്രി കൂടെയുണ്ടെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നും ഹര്‍ഷിന പ്രതികരിച്ചു. ജില്ല മെഡിക്കല്‍ ബോര്‍ഡിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. 16ന് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ധര്‍ണ നടത്തുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.