സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ അൺലോക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് അനുവദിക്കാനാവില്ല. രോഗ നിയന്ത്രണത്തിന് കർക്കശ നിലപാട് സ്വീകരിക്കണമെന്നാണ് സർവകക്ഷി യോഗത്തിന്‍റെ തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒക്ടോബർ  രണ്ടിന് മുൻപ് തീയതി തീരുമാനിച്ച പരീക്ഷകൾ നടത്തുന്നതിന് വിലക്കില്ല. വിദ്യാർഥികൾക്ക് പരീക്ഷകൾക്ക് എത്തുന്നതിനു നിരോധനമില്ല. കുട്ടികളോടൊപ്പം എത്തുന്ന മാതാപിതാക്കൾ, ബന്ധുക്കൾ, അധ്യാപകർ എന്നിവരെ പരീക്ഷ കേന്ദ്രത്തിന് സമീപത്തു കൂടി നിൽകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.  

ഫാക്ടറികൾക്കും മറ്റ് നിർമാണ സ്ഥാപനങ്ങൾക്കും മുഴുവൻ ജീവനക്കാരെയും ജോലിക്കായി വിനിയോഗിക്കാവുന്നതാണ്. അവർ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഫാക്ടറികളും മറ്റ് നിർമാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. ജോലി ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കാനും പാടില്ല.

സ്വകാര്യ ക്ലിനിക്കുകൾക്കും ഡിസ്പെൻസറികൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ, ജീവനക്കാരും രോഗികളും സാമൂഹിക അകലം ഉൾപ്പടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായും പാലിക്കണം. ഇത്തരം സ്ഥാപനങ്ങളുടെ കാത്തിരിപ്പു കേന്ദ്രത്തിലോ വെളിയിലോ രോഗികൾ കൂട്ടംകൂടി നിൽകാൻ പാടുള്ളതല്ല. ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, ഡെന്‍റൽ ക്ലിനിക്കുകൾ, ഹോമിയോ, ആയുർവേദ ക്ലിനിക്കുകൾ എന്നിവക്കും ഇത് ബാധകമാണ്.

മാസത്തിന്‍റെ തുടക്കമായതിനാൽ ബാങ്കുകൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ബാങ്കുകളിൽ കസ്റ്റമർ അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കമനുസരിച്ച് ബാങ്കിങ് സേവനങ്ങൾ നൽകിവരുന്നതിനാൽ ആൾക്കൂട്ടം കുറക്കാനാകുന്നുണ്ട്. ഇത് മാതൃകയാക്കി മറ്റുള്ളവരും പ്രവർത്തിച്ചാൽ ആൾക്കൂട്ടം കുറയ്ക്കാനാകും. ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതും ഈ സാഹചര്യത്തിൽ ഗുണപരമാണ്.

കണ്ടെയ്ൻമെന്‍റ് സോണിൽ കൂട്ടംകൂടലുകളും അനാവശ്യ യാത്രകളും ഒഴിവാക്കുന്നതിനായി പ്രത്യേക നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ചില സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ആവശ്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി കാണുന്നില്ല. ഇവിടെയെത്തുന്നവർ കൈയ്യുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തു നോക്കുന്നതും കൈയ്യിലെടുത്ത് പരിശോധിക്കുന്നതുമായ രീതി കണ്ടുവരുന്നുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കും.

നിരോധനാജ്ഞ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും സഹകരണമുണ്ടെങ്കിൽ മാത്രമേ നിരോധനം വിജയകരമാകുകയുള്ളൂ. രോഗബാധ വർധിക്കുന്നത് തടായാൻ ഇത് അത്യാവശ്യമാണ്. എല്ലാവരും സ്വയം അച്ചടക്കം പാലിച്ച് വൈറസ് ബാധ തടയുന്നതിനുള്ള സർക്കാറിന്‍റെ  ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന്  അഭ്യർഥിക്കുന്നു.

കേരള എപ്പിഡമിക് ഡിസീസ് ഓർഡിനസിൽ വ്യവസ്ഥ ചെയ്തിട്ടുള്ള വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം പൊലീസ് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് വരികയാണ്. മാസ്ക് ധരിക്കാത്ത 7482 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റീൻ ലംഘിച്ച 6 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 43 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേർ അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.