എസ്.എം.ഇ: ഉറപ്പുമായി വൈസ് ചാന്‍സലര്‍; അംഗീകരിക്കാതെ വിദ്യാര്‍ഥികള്‍ 

കോട്ടയം: സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനെ (എസ്.എം.ഇ) എം.ജി സര്‍വകലാശാലയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്താനായി പ്രത്യേക മാനേജ്മെന്‍റ് രൂപവത്കരിക്കാന്‍ തീരുമാനം. എസ്.എം.ഇയുടെ അംഗീകാരവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടക്കുന്നതിനിടെയാണ് പുതിയ സമിതിക്ക് രൂപം നല്‍കാനുള്ള നീക്കം. ഈമാസം 23ന് തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ, നിയമ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരും എം.ജി, ആരോഗ്യസര്‍വകലാശാല വി.സിമാരും പങ്കെടുക്കുന്ന  ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 

നിലവിലെ സാഹചര്യത്തില്‍ എസ്.എം.ഇക്ക് അഫിലിയേഷന്‍ നല്‍കാന്‍ എം.ജി സര്‍വകലാശാലക്കു കഴിയില്ല. അതിനാലാണ് പുതിയ സമിതിയെക്കുറിച്ച് ആലോചിക്കുന്നതെന്ന്  എം.ജിസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ കോഴ്സുകള്‍ ആരോഗ്യസര്‍വകലാശാലയിലേക്ക് മാറ്റും. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആരോഗ്യസര്‍വകലാശാലയുടെ തുല്യത സര്‍ട്ടിഫിക്കറ്റും നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് വൈസ് ചാന്‍സലര്‍  പറഞ്ഞു.
എന്നാല്‍, വൈസ് ചാന്‍സലറുടെ ഉറപ്പ് വിശ്വസിക്കാനാകില്ളെന്നും ഉത്തരവ് രേഖാമൂലം പുറത്തുവരുന്നതുവരെ സമരം തുടരുമെന്നുമാണ്  വിദ്യാര്‍ഥികളുടെ നിലപാട്. 

നേരത്തേ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വിദ്യാഭ്യാസ-ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലവിലുള്ള മുഴുവന്‍ കോഴ്സുകള്‍ക്കും അംഗീകാരം നല്‍കാനും ഈവര്‍ഷംവരെ  പ്രവേശനം നേടിയവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കാനും ധാരണയായിരുന്നു. എന്നാല്‍, തുടര്‍നടപടിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരം ആരംഭിച്ചതെന്നും വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്.എഫ്.ഐ നേതൃത്വത്തില്‍ എം.ജി സര്‍വകലാശാലയുടെ മുന്നിലും കെ.എസ്.യു നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നിലുമാണ് സമരം നടക്കുന്നത്.

Tags:    
News Summary - School of medical education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.