തൃശൂർ: സദ്യക്ക് പപ്പടം വേണമെന്ന് മന്ത്രിക്ക് നിർബന്ധം. എങ്കിൽ അങ്ങനെ തന്നെയാവട്ടെയെന്ന് ഭക്ഷണ കമ്മിറ്റിയും. പപ്പടവും പായസവുമൊക്കെ ആയി വിഭവസമൃദ്ധമായ സദ്യയൊരുക്കാൻ തയാറെടുപ്പ് തകൃതിയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 5.5 ലക്ഷം രൂപ ഫണ്ടിൽ കുറവുണ്ടെങ്കിലും ഭക്ഷണ കാര്യത്തിൽ ഒരു കുറവും വരുത്താതെയുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ആദ്യ നാലു ദിവസത്തെ ഭക്ഷണ മെനുവും പുറത്തിറക്കി. അവസാന ദിനമായ പത്തിന് മൂന്നു വേദികളിലായി 31 ഇനങ്ങളിൽ 56 കുട്ടികളാണ് പങ്കെടുക്കുക. അയ്യായിരത്തോളം പേർക്ക് മാത്രമേ ഭക്ഷണം വേണ്ടിവരൂ എന്നാണ് കണക്കുകൂട്ടൽ. അവസാന ദിവസത്തെ മെനുവിന് വ്യാഴാഴ്ച അന്തിമരൂപമാകും. ആദ്യദിനം റവ ഉപ്പുമാവും പഴവുമാണ് പ്രഭാത ഭക്ഷണം. ഉച്ചക്ക് ചോറും സാമ്പാറും കിച്ചടിയും കൂട്ടുകറിയും തോരനും അച്ചാറും. കൂടെ രസമോ മോരോ ഉണ്ടാകും. സദ്യക്ക് പൂർണതയേകാൻ പാൽപായസം. രാത്രി ചോറും സാമ്പാറും മൂന്നുകൂട്ടം കറികളും. ദിവസവും വൈകുന്നേരം ചായക്കൊപ്പം ലഘു പലഹാരങ്ങളുമുണ്ടാകും. രണ്ടാം ദിവസം രാവിലെ ഇഡലിയും സാമ്പാറും. ഉച്ചയൂണിന് കിച്ചടിക്ക് പകരം പച്ചടി. ഗോതമ്പുകൊണ്ടാണ് പായസം. രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും. മൂന്നാം ദിവസം രാവിലെ ഉപ്പുമാവും കടലയും. ഉച്ചയൂണിനൊപ്പം ഉണക്കലരി പായസം. നാലാം ദിവസം രാവിലെ ഉപ്പുമാവും ഗ്രീൻപീസ് കറിയും ഉച്ചയൂണിന് പ്രത്യേക പായസവും കൂട്ടുചേരും. രണ്ടു ദിവസവും രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയുമുണ്ടാകും. ദിവസവും രാവിലെ 7.30 മുതൽ ഒമ്പതുവരെയാണ് പ്രഭാത ഭക്ഷണം നൽകുക. ഉച്ചഭക്ഷണം രാവിലെ 11.30 മുതൽ വൈകീട്ട് മൂന്നുവരെ. ചായ വൈകീട്ട് നാലുമുതൽ അഞ്ചു വരെ. അത്താഴം വൈകീട്ട് 7.30 മുതൽ രാത്രി പത്തു വരെ. ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിനാൽ ഭക്ഷണശാലയിൽ ഇലയും പേപ്പർ ഗ്ലാസുമാണ് ഉപയോഗിക്കുക.
കഴിഞ്ഞ വർഷത്തേക്കാൾ വിദ്യാർഥികളും അധ്യാപകരും അധികമെത്തുന്ന കലോത്സവത്തിലെ ഭക്ഷണ കമ്മിറ്റിക്ക് ഇത്തവണ 22 ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷമിത് 27.5 ലക്ഷമായിരുന്നു. ഇത്തവണ കലോത്സവ ദിനങ്ങൾ കുറച്ചതിെൻറ ഭാഗമായാണ് തുക കുറച്ചത്. ഫണ്ട് കുറഞ്ഞെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുന്നതിൽ പിശുക്ക് കാട്ടില്ലെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ ടി.എ. ബാബുദാസ് പറഞ്ഞു. പൊതി ഭക്ഷണത്തിെൻറ എണ്ണം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്വാട്ടിക് കോംപ്ലക്സിലാണ് ഭക്ഷണശാല. ഒരേ സമയം 3,200 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ 16 കാബിനുകളാണ് തയാറാക്കുന്നത്. വെള്ളിയാഴ്ച 10ന് പാചകശാലയിൽ പാലുകാച്ചലും 11ന് കലവറ നിറക്കലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.