തിരുവനന്തപുരം: ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങുള്ള പദ്ധതിയില്‍ അഴിമതി നടത്തിയെന്ന് ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കാന്‍ അണിയറനീക്കമെന്ന് ആക്ഷേപം. ഇദ്ദേഹം കോഴിക്കോട് ജില്ല ഓഫിസറായിരുന്നപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മാണത്തിന് സ്ഥലംവാങ്ങിയതിലും അന്വേഷണം നടക്കുന്നുണ്ട്.
ഭൂരഹിത പദ്ധതിയിലെ തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പട്ടികജാതി ഗോത്ര കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡയറക്ടറേറ്റില്‍ അഴിമതിക്കും ക്രമക്കേടിനും നേതൃത്വംനല്‍കുന്ന ഉദ്യോഗസ്ഥസംഘം പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപണമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ മുക്കാനും അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും ഇവിടെ സംവിധാനമുണ്ട്.
പരാതികളില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി ഓഡിറ്റ് ടീം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു പതിവ്. പരിശോധനക്ക് വരുന്നവര്‍ക്ക് ഒരു ഫയലും കാര്യങ്ങള്‍ നടത്തുന്നതിന് മറ്റൊരു ഫയലും എഴുതിയാണ് അഴിമതി മൂടിവെച്ചിരുന്നത്. വിവരാവകാശനിയമം അനുസരിച്ച് അപേക്ഷിച്ചാല്‍ ഉത്തരവിന്‍െറയും പട്ടികയുടെയും പകര്‍പ്പ് നല്‍കാതിരുന്നത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ പണമുപയോഗിച്ച് വാങ്ങിയ ഭൂമി ലഭിച്ച പലകുടുംബങ്ങളും ഇപ്പോഴും ഭൂമിയില്‍ പ്രവേശിച്ചിട്ടില്ല. താമസയോഗ്യമല്ലാത്ത ഭൂമിയാണ് ഇവര്‍ക്ക് ലഭിച്ചത്. 2012-13 മുതല്‍ 2015-16 വരെയുള്ള സാമ്പത്തികവര്‍ഷത്തിലെ പദ്ധതി രേഖകള്‍ പുറത്തുനല്‍കാന്‍ ഡയറക്ടറേറ്റ് തയാറാകാത്തതിന്‍െറ കാരണമിതാണെന്ന് ആരോപണമുണ്ടായി. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിലാണ് ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ അട്ടിമറി നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് കമീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
കോഴിക്കോട് ജില്ലയില്‍ കെട്ടിടനിര്‍മാണത്തിന് 10 ഏക്കര്‍ സ്ഥലമുണ്ടായിരിക്കെ പ്രത്യേക പ്രോജക്ട് വെച്ച് ഭൂമാഫിയയുമായി ചേര്‍ന്ന് 1.81 കോടിക്ക് ഭൂമി വാങ്ങിയതില്‍ അഴിമിതി നടത്തിയെന്നാണ് ഇദ്ദേഹത്തിനെതിരായ ആക്ഷേപം. ഇക്കാര്യത്തില്‍ വിജിലന്‍സ് കേസെടുത്ത് (വി.സി.7/2015 കെ.കെ.ഡി) അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.