എസ്.ബി.ഐ -എസ്.ബി.ടി ലയനം ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: എസ്.ബി.ഐ -എസ്.ബി.ടി ലയനം ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. സംസ്ഥാനത്തിന്‍െറ ദേശസാത്കൃത ബാങ്കായി അറിയപ്പെടുന്ന എസ്.ബി.ടി മറ്റൊന്നില്‍ ലയിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുകയും നിക്ഷേപങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് ചീഫ് സെക്രട്ടറി എസ്. എം. വിജയാനന്ദ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ലയനത്തിനെതിരെ സേവ് എസ്.ബി.ടി ഫോറം നല്‍കിയ ഹരജിയിലാണ് വിശദീകരണം.

എസ്.ബി.ടിയില്‍ 0.89 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന്‍െറ പൊതു ധനകാര്യ ഇടപാടുകളിലെല്ലാം മുഖ്യ പങ്കാളിത്തം എസ്.ബി.ടിക്കുണ്ട്. ട്രഷറികളുടെ പ്രവര്‍ത്തനം എസ്.ബി.ടിയുമായുള്ള യോജിപ്പോടെയാണ് നടത്തുന്നത്. കാര്‍ഷിക വായ്പകള്‍, സബ്സിഡികള്‍, കര്‍ഷക, വ്യവസായ, സ്വയം തൊഴില്‍ വായ്പകള്‍ എന്നിവ നടപ്പാക്കുന്നത് എസ്.ബി.ടി മുഖേനയാണ്. വിദ്യാഭ്യാസ വായ്പ നല്‍കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ബാങ്ക്. ലയനം സംസ്ഥാനത്തെ പകുതിയോളം എസ്.ബി.ടി ശാഖകളെ അടച്ചുപൂട്ടേണ്ട അവസ്ഥയിലത്തെിക്കുമെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

ജനങ്ങള്‍ക്ക് എസ്.ബി.ടിയുമായി മാനസികമായി വളരെ അടുത്ത ബന്ധമാണുള്ളത്. ലയനം വിദേശ മലയാളികളുടെ സാമ്പത്തിക ഇടപാടുകളെയും നിക്ഷേപങ്ങളെയും പ്രതികൂലമായി ബാധിക്കും. എസ്.ബി.ടിയിലെ നിക്ഷേപത്തിന്‍െറ 90 ശതമാനവും സംസ്ഥാനത്തിന്‍െറ വ്യവസായ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കായാണ് ചെലവഴിക്കുന്നത്. പ്രാദേശിക ദേശീയ ബാങ്കെന്ന നിലനില്‍പ് ഇല്ലാതാകും. സംസ്ഥാനത്തെ ബാങ്ക് നിക്ഷേപത്തില്‍  23 ശതമാനത്തിന്‍െറയും വായ്പയില്‍ 18 ശതമാനത്തിന്‍െറയും പങ്കാളിത്തമാണ് എസ്.ബി.ടിക്കുള്ളത്.

2016 മേയ് 17ന് ചേര്‍ന്ന എസ്.ബി.ടി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അജണ്ടയിലില്ലാതെയാണ് മാനേജിങ് ഡയറക്ടര്‍ ലയന വിഷയം അവതരിപ്പിച്ചത്. ബാങ്കിങ് മേഖലയിലെ ആഗോള കുത്തകകളുമായി മത്സരത്തിന് പ്രാപ്തമാക്കാനാണ് ലയനമെന്നാണ് വിശദീകരണം. സര്‍ക്കാര്‍ പ്രതിനിധികളായ രണ്ട് ഓഹരിയുടമകളുടെ എതിര്‍പ്പോടെയാണ് ലയന ശിപാര്‍ശ യോഗം അംഗീകരിച്ചത്. നടപടി ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ ലയനം അനാവശ്യമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിക്കാരെ പിന്തുണക്കുന്നതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    
News Summary - sbt sbi align

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.