കോട്ടയം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വി.ഡി. സതീശനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ഉചിതമായ തീരുമാനമല്ലെന്നും, എല്ലാതരത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു വ്യക്തിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തീരുമാനത്തിലൂടെ വലിയൊരു വിഭാഗത്തിന്റെ വികാരം കണക്കിലെടുക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. സതീശനെ തെരഞ്ഞെടുത്തത് തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 11 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈകമാൻഡ് നിർദേശിച്ചു. ഡൽഹിയിൽ വെച്ച് എ.ഐ.സി.സി നേതാവ് ദീപ ദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ പദവിക്കായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നെങ്കിലും മാരത്തോൺ ചർച്ചകൾക്കൊടുവിൽ പാർട്ടി സതീശനെ തെരഞ്ഞെടുക്കുകയായിരുന്നു. പത്തു വർഷത്തെ ഇടതുഭരണത്തിന് ശേഷം കേരളം ആരുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് ചിന്തിച്ച നിഷ്പക്ഷമതികൾ പോലും വി.ഡി. സതീശനിലാണ് വിശ്വാസമർപ്പിച്ചത്. "100 സീറ്റ് തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം" എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ശരിവെക്കുന്ന തരത്തിൽ 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.
2021-ലെ തകർച്ചയിൽ നിന്നും മുന്നണിയെ കൈപിടിച്ചുയർത്താനും തൃക്കാക്കര മുതൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ വരെ വിജയകരമായി നയിക്കാനും സതീശന്റെ നേതൃത്വത്തിന് സാധിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച ‘പുതുയുഗ യാത്ര’യും, ‘ടീം യു.ഡി.എഫ്’ എന്ന ആശയവും പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച സതീശന്റെ ശൈലി ജനശ്രദ്ധ ആകർഷിച്ചിരുന്നു. 1996-ലെ നേരിയ തോൽവിക്ക് ശേഷം 2001 മുതൽ പറവൂരിൽ തോൽവി അറിയാത്ത അദ്ദേഹം അന്യസംസ്ഥാന ലോട്ടറി മാഫിയക്കെതിരെയുള്ള പോരാട്ടത്തിലൂടെയും പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ വ്യക്തിത്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.