തിരുവനന്തപുരം: കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്തുള്ള പ്രമേയം പാർലമെന്‍ററി പാർട്ടി യോഗം ഐക്യകണ്ഠേന കൈയടിച്ച് പാസാക്കി. സംഘടന ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരുടെ സാന്നിധ്യത്തിൽ നിയമസഭ കോംപ്ലക്സ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫാണ് പ്രമേയം അവതരിപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച എ.ഐ.സി.സി തീരുമാനം ദീപാദാസ് മുൻഷി യോഗത്തിൽ വായിച്ചു. പിന്നാലെ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് കൃതജ്ഞത രേഖപ്പെടുത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നന്ദിപ്രമേയം അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫാണ് ഇതിനെ പിന്തുണച്ചത്.
രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. പകരം സതീശന് പിന്തുണ അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് അദ്ദേഹം കത്ത് നൽകി. ചെന്നിത്തലക്കൊപ്പമുണ്ടായിരുന്ന എം.എൽ.എമാർ പാർലമെന്‍ററി പാർട്ടി യോഗത്തിന് തൊട്ടുമുമ്പ് കന്‍റോൺമെന്‍റ് ഹൗസിലെത്തി സതീശനുമായി കൂടിക്കാഴ്ച നടത്തി. വി.ഡി. സതീശൻ പാർലമെന്‍റി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതിന്‍റെ അനിവാര്യതയാണ് അദ്ദേഹം അടിവരയിട്ടത്. ‘‘2001ൽ വലിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റുപോയതിന് കാരണം അന്തഛിദ്രങ്ങളാണ്. ഇതുണ്ടാതെ ജാഗ്രതയോടെ മുന്നോട്ടുപോകണം. എങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിലും വിജയം ഒപ്പം കൂട്ടാനാകും’’-സതീശൻ പറഞ്ഞു. കെ.സി. വേണുഗോപാലിന്‍റെ ഇടപെടലുകൾ അദ്ദേഹം എടുത്തുപറഞ്ഞു. മന്ത്രിസഭ ചർച്ചർക്കായി വേണുഗോപാൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും കെ.സി. വേണുഗോപാലിനെയും പുകഴ്ത്തിയാണ് മുകുള്‍ വാസ്നിക് സംസാരിച്ചത്. സതീശൻ മികച്ച നേതാവാണ്. ജനങ്ങഉുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ അദ്ദേഹത്തിന് കഴിയും. കോൺഗ്രസിന്‍റെ വൻ വിജയത്തിൽ കെ.സിക്കും വലിയ പങ്കുണ്ട്. രമേശ് ചെന്നിത്തലയുടെ അനുഭവ സമ്പത്തും പാർട്ടിക്ക് ഗുണം ചെയ്തു-അദ്ദേഹം പറഞ്ഞു. അജയ് മാക്കൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും സംസാരിച്ചു. എം.എൽ.എമാരെല്ലാം നിയുക്ത മുഖ്യമന്ത്രിയെ ഷാളണിയിച്ച് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.