തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന എഫ്.ഐ.ആർ റദ്ദാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സന്ദീപ് വാര്യർ പരാതി നൽകി. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും വർഷങ്ങൾക്ക് മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിയിൽ സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിലാണ് സന്ദീപ് വാര്യരെ സൈബർ പൊലീസ് പ്രതി ചേർത്തത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കേസിൽ രാഹുല്‍ ഈശ്വർ ഡിസംബര്‍ 15 വരെ റിമാന്‍ഡിലാണ്.
രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവരെ കൂടാതെ, മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രജിത പുളിക്കൻ (ഒന്നാം പ്രതി), സുപ്രീംകോടതി അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട് ഉടമ) (രണ്ടും മൂന്നും പ്രതികൾ) എന്നിവർരെയും പ്രതി ചേർത്തിട്ടുണ്ട്. പരാതിക്കാരിക്കെതിരെ മോശം കമന്‍റിട്ടവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫേസ്ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, രാഹുൽ പീഡിപ്പിച്ചതായി പറയുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ ആലുവ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. രാജു വിജയകുമാർ, പി.എ. റസാഖ് എന്നീ ഐ.ഡികൾക്കെതിരെയാണ് കേസ്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സന്ദീപ് വാര്യരുടെ അക്കൗണ്ടിൽ നിന്നാണ് ഇവർ ഫോട്ടോ ശേഖരിച്ച് പങ്കുവെച്ചത്. അതിനിടെ, അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച് ആരോപിച്ച് സന്ദീപ് വാര്യർക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൽ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, അതിജീവിതക്ക് നേരെയുള്ള സൈബർ അധിക്ഷേപ കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യപേക്ഷ നൽകി. കേസില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യർ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ചേർത്താണ് അതിജീവിത പരാതി നൽകിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് സിറ്റി സൈബർ പൊലീസ് കേസെടുത്തത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.