ഇക്കാര്യം മുമ്പ് ചൂണ്ടിക്കാണിച്ചപ്പോൾ എന്നെ തെറി വിളിച്ച സംഘ്പരിവാറുകാർ ഇവിടെത്തന്നെ ഉണ്ടോ? -സന്ദീപ് വാര്യർ

പാലക്കാട്: പാകിസ്താനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇക്കാര്യം കുറച്ച് ദിവസം മുമ്പ് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ തെറി വിളിച്ച സംഘ്പരിവാറുകാർ ഒക്കെ ഇവിടെത്തന്നെ ഉണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.

‘വ്യോമക്രമണ ഭീഷണി നേരിടാൻ സന്നദ്ധരാവാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. മോക് ഡ്രിൽ അടക്കം നടത്തണം. ഇക്കാര്യം കുറച്ച് ദിവസം മുമ്പ് ചൂണ്ടിക്കാണിച്ചപ്പോൾ എന്നെ തെറി വിളിച്ച സംഘികൾ ഒക്കെ ഇവിടെത്തന്നെ ഉണ്ടോ?’ സന്ദീപ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണ​മെന്ന് ഒരാഴ്ച മുമ്പ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു. ‘പാകിസ്താനുമായി യുദ്ധമുണ്ടായാൽ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നിൽക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാൻ നമ്മൾ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാൽ കേരളവും യുദ്ധഭൂമിയായി മാറാൻ സാധ്യതയുണ്ട്. നമുക്കും ബങ്കറുകൾ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ അടിയന്തരമായി ബങ്കറുകൾ പണിയാൻ കേരള സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കിൽ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും. വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ ഉടൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലയ്ക്ക് കൊച്ചി വൾനറബിൾ ആണ്. തീർച്ചയായും ശത്രു ലക്ഷ്യം വയ്ക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യൻ നാവികസേനയും എയർഫോഴ്സും ശത്രുവിനെ നേരിടാൻ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്.’ എന്നായിരുന്നു സന്ദീപ് അന്ന് പറഞ്ഞത്.

Full View

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കണമെന്നും ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നൽകണമെന്നും ആഭ്യന്തര മ​ന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങള്‍ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതും പരിശീലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഒഴിപ്പിക്കല്‍ പദ്ധതി പരിഷ്കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊതുജനത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തുന്നത്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി നിർണായക ചർച്ച നടത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് സായുധസേനയുമായി ചേർന്ന് ശത്രുവിന് ഉചിതമായ മറുപടി നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Sandeep Varier about mha orders multiple states to hold civil defence mock drills on may 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.