പറവൂരിലെ ഭക്ഷ്യ വിഷബാധക്ക് കാരണം സാൽമോണല്ലോസിസ്

കൊച്ചി: പറവൂരിലെ വിഷബാധ സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സാമ്പിൾ പരിശോധന നടത്തിയത്.

പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ജനുവരി 16 നാണ് പറവൂരിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. മയോണൈസ്, അൽഫാം, മന്തി, പെരി പെരി മന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷം പനി, ഛർദ്ദി, വയറു വേദന, വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമാകുകയായിരുന്നു.

ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ. സാധാരണ ഭക്ഷ്യ വിഷബാധക്ക് കാരണമാകാറ് സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് 6 - 48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്. തലവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 2 - 3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കുന്നു. ഒരു ശതമാനം പേരിൽ രോഗം ഗുരുതരമായി മരണകാരണമാവാം.

മാംസ്യം, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. പ്രധാനമായും കോഴിയുടെ കാഷ്ഠത്തിലും മറ്റും കണ്ടുവരുന്ന ഈ ബാക്ടീരിയ, വിസർജ്യ പദാർത്ഥങ്ങൾ മാംസവുമായോ, മുട്ടയിലോ കലരാൻ ഇടയായാൽ രോഗബാധക്ക് കാരണമാകുന്നു. പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്പായി പുറം ഭാഗം നന്നായി കഴുകി കാഷ്ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണം.

Tags:    
News Summary - Salmonellosis: cause of food poisoning in Paravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.