കൊച്ചി: സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായതോടെ നാടുനന്നാക്കാൻ നേരിട്ടിറങ്ങിയിരിക്കുകയാണ് കൊച്ചിയിലെ എച്ച്.എം.ടി കോളനി നിവാസികൾ. ലഹരി ഉപയോഗിക്കുന്നവരെയോ ഇടനിലക്കാരെയോ പിടികൂടിയാൽ കൈകാര്യം ചെയ്യുമെന്ന് ഫ്ളക്സ് വെച്ചാണ് മുന്നറിയിപ്പ്. ‘ലഹരി വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് മുന്നറിയിപ്പ് ബോർഡ്. എന്നാൽ നാട്ടുകാർ നേരിട്ട് ആളുകളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്.
‘കഞ്ചാവ്, എം.ഡി.എം.എ, നിരോധിത ലഹരി പദാർഥങ്ങൾ എന്നിവയുടെ വിൽപനയും ഉപയോഗവും കണ്ടാൽ ബന്ധുക്കളെന്നോ കൂട്ടുകാരെന്നോ നോക്കാതെ തല്ലുന്നതാണ്. അടിയിൽ യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാൻ വരുന്നവർക്കും അടികിട്ടും. പൊലീസിനെ ഏൽപ്പിക്കുകയും ചെയ്യും’ -ഫ്രണ്ട്സ് എച്ച്.എം.ടി കോളനി എന്ന പേരിൽ സ്ഥാപിച്ച ബോർഡിൽ പറയുന്നു. കൊച്ചിയിലെ സീപോർട്ട് - എയർപോർട്ട് റോഡിന്‍റെ ഇരുവശങ്ങളിലും ലഹരി ഉപയോഗിക്കുന്നവർ തമ്പടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നാട്ടുകാർ മുന്നറിയിപ്പ് ബോർഡുമായി രംഗത്തെത്തിയത്.
നേരിട്ട് കൈകാര്യം ചെയ്യുന്നത് വേണമെന്ന് കരുതിയിട്ടല്ലെന്നും സാഹചര്യം ആവശ്യപ്പെടുന്നതാണെന്നും നാട്ടുകാർ പ്രതികരിച്ചു. മുന്നറിയിപ്പ് ബോർഡ് വെച്ചതിന് പൊലീസിന്‍റെ പിന്തുണയുണ്ട്. പലപ്പോഴായി ലഹരി ഉപയോഗിക്കുന്നവരെ കാണാറുണ്ടെന്നും അതിനാൽ ജാഗ്രത എന്ന നിലയിലാണ് ബോർഡ് സ്ഥാപിക്കുന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാന രീതിയിൽ വടകരയിലും ബോർഡ് സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.