തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെക്കുറിച്ച് ജനങ്ങളുടെ മനസ്സറിയാൻ സാക്ഷരതമിഷൻ നടത്തിയ സർവേയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സർവേയോട് പ്രതികരിച്ച ഭൂരിഭാഗം പേർക്കും ദുരന്തങ്ങളെക്കുറിച്ചോ മുൻകരുതലുകളെ സംബന്ധിച്ചോ ധാരണയില്ല. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്വയം രക്ഷക്കുള്ള അടിയന്തരസാമഗ്രികൾ ഉൾപ്പെടുന്ന എമർജൻസി കിറ്റിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. സർവേയുടെ റിപ്പോർട്ട് സാക്ഷരതമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലായി ആകെ 2,91048 വീടുകളിലാണ് സർവേ നടത്തിയത്. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ 41,052 വീടുകളിലും പട്ടികവർഗ വിഭാഗക്കാരുടെ 5,042 വീടുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു വീട്ടിൽ ഒരാൾ എന്ന രീതിയിലായിരുന്നു സർവേ. പ്രതികരിച്ചവരിൽ 1,55,906 പേർ സ്ത്രീകളാണ്. 38 ട്രാൻസ്ജെൻഡറുകളിൽനിന്ന് പ്രതികരണം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തുകൾ 941, മുനിസിപ്പാലിറ്റികൾ 87, കോർപറേഷനുകൾ ആറ് എന്നിങ്ങനെയാണ് സർവേ നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വിവരം. 68,038 പഠിതാക്കൾ സർവേ വളൻറിയർമാരായി. ഇതിൽ 39,680 പേർ സ്ത്രീകളാണ്. ട്രാൻസ്ജെൻഡറുകൾ 34.
വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂമികുലുക്കം എന്നീ ദുരന്തങ്ങളെക്കുറച്ച് അറിയാവുന്ന വിവരങ്ങൾ പറയാമോ എന്ന ചോദ്യത്തിന് മതിയായ വിവരങ്ങൾ നൽകിയത് 43.74 ശതമാനം. 56.26 ശതമാനം ജനങ്ങൾക്ക് ഇവയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ചുഴലിക്കാറ്റ് പ്രകൃതിദുരന്തമാണെന്ന് അറിയാവുന്നവർ 8.43 ശതമാനം മാത്രം. സർവേയോട് പ്രതികരിച്ച 91.57 ശതമാനം പേർക്കും ഇക്കാര്യത്തിൽ ധാരണയില്ല. പ്രകൃതി ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാത്തവരാണ് 41.86 ശതമാനവും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ 20.02 ശതമാനം. പ്രളയാനന്തരം പടർന്നുപിടിക്കുന്ന രോഗങ്ങളെക്കുറിച്ച് 17.15 ശതമാനം പേർക്ക് അറിയില്ല.
സർവേയിൽ അഭിപ്രായം അറിയിച്ച 22.04 പേരും ഗ്യാസ് സിലിണ്ടർ ഓഫാക്കാതെ പുറത്തുപോകുന്നവരാണ്. ഫോൺ ചാർജ് ചെയ്യാത്തപ്പോഴും ചാർജർ ഓണാക്കിയിടുന്നവർ 49.17 ശതമാനം പേർ. പ്രളയത്തെക്കുറിച്ച് 59.48 ശതമാനം അറിഞ്ഞത് ടെലിവിഷനിലൂടെയാണ്. 15.88 ശതമാനം പേർ പത്രങ്ങളിലൂടെയും. സോഷ്യൽ മീഡിയ അടക്കമുള്ള സൗകര്യങ്ങളിലൂടെ ഇക്കാര്യം അറിഞ്ഞത് 11.13 ശതമാനമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ 96.28 ശതമാനം പേർ പങ്കെടുത്തു. 34.98 ശതമാനം പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 18.94 ശതമാനം പേർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇതെല്ലാം ചെയ്ത 7.58 ശതമാനം പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.