182 ദിവസത്തെ ഇടവേള; സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിസഭയിലേക്ക്, പ്രതിപക്ഷം സത്യപ്രതിജ്ഞ ബഹിഷ്കരിക്കും

182 ദിവസത്തെ ഇടവേളക്കുശേഷം രണ്ടാം പിണറായി സര്‍ക്കാറില്‍ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇതിനിടെ, ചടങ്ങ് ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരിക്കയാണ്.

നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് - സാംസ്കാരികം - സിനിമ - യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന്‍റെ ലഭിക്കുക. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശമാണ്. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം.

സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

Tags:    
News Summary - Saji Cheriyan returns to the cabinet today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.