ആലപ്പുഴ: വഞ്ചനയും ചതിയും കാണിച്ച ജി.സുധാകരൻ എല്ലാം അനുഭവിച്ചിട്ടേ ഈ ലോകത്തുനിന്ന് പോകുകയൊള്ളുവെന്ന് മന്ത്രി സജി ചെറിയാൻ. ചെയ്ത കാര്യങ്ങൾക്ക് എല്ലാം അദ്ദേഹം അനുഭവിക്കും. ഈ പ്രപഞ്ചത്തിന് ഒരു സത്യം ഉണ്ടല്ലോ, ആ സത്യത്തിൽ നിന്നുകൊണ്ട് ഞാൻ പറയാം, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വഞ്ചനയും ചതിയുമാണ് ഞങ്ങളാട് കാണിച്ചത്. അതിനൊന്നും അനുഭവിക്കാതെ ഈ ലോകത്തുനിന്ന് അദ്ദേഹം വിട്ടുപോകില്ല. അതൊക്കെ നിങ്ങൾക്ക് കാണേണ്ടി വരും, എഴുതി വെച്ചോളു എന്നും സജീ ചെറിയാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പിന്നെ ആലപ്പുഴ എം.എൽ.എ ചിത്തരഞ്ജനെ പറ്റി ആണ് അദ്ദേഹം ഒന്ന് പറഞ്ഞത്. ചിത്തരഞ്ജന്റെ ആസ്തികൾ പരിശോധിക്കട്ടെ. പിന്നെ ഒന്നുള്ളത് പാട്ടുകാരി ദലീമയാ, അവർക്ക് പരിശോധിക്കാം. പിന്നെ യു. പ്രതിഭയും അരുൺ കുമാറും ആണ്. ഞാൻ കോടീശ്വരനല്ല. എനിക്ക് 22 ലക്ഷം രൂപ സർക്കാരിൽ ലോൺ ഉണ്ട്. എന്റെ ആസ്ഥിയും ബാധ്യതയും ഞാൻ എഴുതി കൊടുത്തിട്ടുണ്ട്. അതിൽ പരിശോധിക്കാവുന്നതാണ്. അന്തസ്സായി കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തുനിന്ന് കിട്ടുന്ന വരുമാനം കൂടി മറ്റുള്ളവർക്ക് കൊടുക്കുന്നവരാണ് ഞങ്ങൾ. സാമൂഹിക പ്രവർത്തകരായി നിൽക്കുന്ന ഞങ്ങളുടെ ബാങ്ക് ബാലൻസും ജി. സുധാകരന്റെ ബാങ്ക് ബാലൻസും പരിശോധിക്കൂ. അപ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളെപ്പറ്റി വ്യക്തിപരമായ ആക്ഷേപം നടത്തിയതുപോലെ ഞങ്ങൾ തിരിച്ച് അങ്ങോട്ട് പറയാനില്ല. ഞങ്ങൾക്ക് കുറച്ചുകൂടി രാഷ്ട്രീയ കാഴ്ചപ്പാടും ധാരണയുമുണ്ട്. ഞങ്ങളുടെ ജില്ല സെക്രട്ടറി ഈഴവനും മറ്റുമെന്ന് പറഞ്ഞ് സുധാകരൻ ആക്ഷേപിച്ചില്ലേ. ആ പറഞ്ഞത് എന്തോ ബുദ്ധിയും തന്ത്രവുമാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ഒരു ബുബുദ്ധിയുമല്ല അത്. നാസർ ഈഴവൻ ആണെന്ന് പറഞ്ഞാൽ, ഈഴവനായ നാസറിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന ചർച്ച തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരാൻ വേണ്ടിയല്ലേ ഈ നാറി ആ വർത്തമാനം പറഞ്ഞതെന്നും സജി ചെറിയാൻ ചോദിച്ചു. ഈ നാസറിന്റെയൊക്കെ അടുത്ത് വന്നിട്ടല്ലേ സുധാകരൻ സീറ്റിന് വേണ്ടി കെഞ്ചിയത്. ഒന്നൊന്നര വർഷം മുമ്പ് ഒരു പ്രസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും അപ്പുറത്ത് അറിയിച്ച് പാർട്ടിയെ വഞ്ചിച്ച് മത്സരിക്കാനുള്ള യോഗ്യത നേടുകയായിരുന്നു അദ്ദേഹം. ഉദ്ദേശിച്ച കാര്യങ്ങൾ നടത്തി കരിമ്പിൻ ചണ്ടിപോലെ വലിച്ചുകീറി സുധാകരനെ അവർ തോട്ടിൽക്കളയുമെന്നും സജിചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.