ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ
വൈകീട്ട് കിട്ടേണ്ട ഉത്തരവ് വർഷങ്ങൾ കഴിഞ്ഞും കിട്ടുന്നില്ല; ഈ കുടുക്കിൽനിന്ന് ആളുകളെ മോചിപ്പിക്കുമെന്ന് ഡോ. എം.കെ. മുനീർ
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഭരണ പരിഷ്കരണ കമ്മീഷനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നതിനാണ് താൻ ഏറ്റവും വലിയ മുൻഗണന നൽകുകയെന്ന് ഭരണ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. പല തട്ടുകളിലായി കുടുങ്ങി കിടന്ന്, വൈകുന്നേരം കിട്ടേണ്ട ഉത്തരവ് വർഷങ്ങൾ കഴിഞ്ഞാലും കൈയ്യിൽ എത്താതിരിക്കുന്ന കുടുക്കിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്നതാണ് തന്റെ പരമപ്രധാനമായ ആദ്യത്തെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
‘അഞ്ചാമത്തെ ഭരണ പരിഷ്കരണ കമ്മീഷനാണിത്. 1957ൽ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹമായിരുന്നു ഭരണ പരിഷ്കരണ കമ്മീഷന്റെയും ചെയർമാൻ. കാരണം കേരളം രൂപീകൃതമായി പുതിയ ജനായത്ത രീതിയിലുള്ള സർക്കാർ വന്ന സാഹചര്യത്തിൽ, മുൻകാല രാജഭരണങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി എങ്ങനെ ഭരണത്തെ പരിഷ്കരിക്കാൻ കഴിയും എന്നത് മുഖ്യമന്ത്രിയുടെ തന്നെ ചുമതല ആയിരുന്നു. ജോസഫ് മുണ്ടശ്ശേരി അടക്കമുള്ള ശക്തരായ ആളുകൾ അതിലെ അംഗങ്ങളായിരുന്നു.
രണ്ടാമത് വന്നത് ഇന്ത്യൻ സിവിൽ സർവിസ് (ഐസിഎസ്) ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ആയിരുന്നു. അതിനുശേഷം ഇകെ നായനാർ ചെയർമാൻ ആയ കമ്മീഷനും നാലാമതായി മുൻ മുഖ്യമന്ത്രി കൂടിയായ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മീഷനും വന്നു.
ഈ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ എല്ലാം വായിക്കുക എന്ന കാര്യമാണ് ഞാൻ ആദ്യമായി ഈ പദവി ലഭിച്ച ഉടനെ ഏറ്റെടുത്തത്. പൊതുവായന കുറച്ചുകാലത്തേക്ക് മാറ്റിവെച്ച് ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടുകൾ വായിക്കുന്നതായിരിക്കും ഇനി അടുത്തകാലത്തെ എന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി എന്നാണ് എനിക്ക് തോന്നുന്നത്.
വി എസ് അച്യുതാനന്ദന്റെ കാലഘട്ടത്തിൽ 14 റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതെല്ലാം ഫ്രീസറിൽ ആയിരുന്നു എന്നുള്ളതുകൊണ്ടാണ് ആളുകൾക്ക് ഇതൊക്കെ ഒരു അലങ്കാര പദവിയായി തോന്നുന്നത്. ഈ ഒരു പദവി പ്രാവർത്തികമാക്കാനുള്ളതാണ് എന്നാണ് നമുക്ക് കാണിച്ചു കൊടുക്കാനുള്ളത്. ആ ഉത്തരവാദിത്വമാണ് ഞാൻ നിർവഹിക്കാൻ ആഗ്രഹിക്കുന്നത്. അതിന് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പിന്തുണയുണ്ട്.
വി.എസിന്റെ റിപ്പോർട്ടിൽ നടപ്പാകാതെ കിടക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ടാകാം. ഇകെ നായനാർ കൊടുത്തിട്ടുള്ള അഞ്ചോളം റിപ്പോർട്ടുകളുണ്ട്. ഇഎംഎസ്സിന്റെ രണ്ടു വോള്യം റിപ്പോർട്ട്, ദേശീയതലത്തിൽ ഉള്ള ഭരണ പരിഷ്കരണ കമ്മീഷനായ വീരപ്പ മൊയിലിയുടെ റിപ്പോർട്ട്, മൊറാർജി ദേശായിയുടെ റിപ്പോർട്ട് തുടങ്ങി ധാരാളം റിപ്പോർട്ടുകൾ ഭരണ പരിഷ്കരണവുമായി ബന്ധപ്പെട്ട് തയാറാക്കിയിട്ടുണ്ട്. അതിന്റെയൊക്കെ മാറ്റങ്ങൾ ഇപ്പോഴും നമ്മുടെ അടിത്തട്ടിലുള്ള ജനങ്ങൾക്ക് അനുഭവിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം’ -മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.