കിഫ്ബി കടമെടുപ്പ്: ബാലഗോപാൽ അന്നേ വിയോജിച്ചു, രേഖകൾ പുറത്ത്

തിരുവനന്തപുരം: കിഫ്ബിയുടെ പരിധിവിട്ട കടമെടുപ്പ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നതിന്‍റെ രേഖകൾ പുറത്ത്. എന്നാൽ, ധനമന്ത്രിയുടെ ആശങ്ക തള്ളി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം കടമെടുപ്പ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ബാലഗോപാൽ മുന്നോട്ടുവെച്ച ഈ അപായമുന്നറിയിപ്പ് കിഫ്ബിയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതിയും അടിവരയിടുന്നുവെന്നതാണ് സാഹചര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നത്.

2023 ഒക്ടോബർ 20ന് കെ.എൻ ബാലഗോപാൽ ഫയലിൽ കുറിച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അന്നത്തെ ധനസെക്രട്ടറിയും ഇതേ ആശങ്ക പങ്കുവെച്ചിരുന്നുവെന്നാണ് കുറിപ്പിൽനിന്ന് വ്യക്തമാകുന്നത്. ഒന്നാം പിണറായി സർക്കാർ കാലത്ത് ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസകിന്‍റെ പൂർണ നിയന്ത്രണത്തിലായിരുന്നു കിഫ്ബി പ്രവർത്തിച്ചിരുന്നത്.

എന്നാൽ രണ്ടാം പിണറായി സർക്കാർ കാലത്ത് സാഹചര്യങ്ങൾ മാറി. ധനമന്ത്രി എന്ന നിലയിൽ സാങ്കേതികമായി ബാലഗോപാലിന് കീഴിലായിരുന്നു കിഫ്ബിയെങ്കിലും പ്രായോഗികമായി മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഇതാണ് ധനവകുപ്പിന്‍റെ നിലപാട് പോലും മറികടക്കും വിധം തീരുമാനങ്ങളുണ്ടാകാൻ കാരണം. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറക്കാനിടയാക്കും എന്ന കാരണത്താൽ, 2023-24, 2024-25, 2025-26 വർഷങ്ങളിൽ കിഫ്ബിക്ക് പുതിയ വായ്പ ഗാരന്‍റികൾ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചിരുന്നു.

എന്നാൽ 2023 ജൂൺ ആറിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ മിനിറ്റ്സ് മാത്രം അടിസ്ഥാനപ്പെട്ടുത്തി ധനവകുപ്പ് തീരുമാനം അട്ടിമറിക്കുകയായിരുന്നു. ചട്ടമനുസരിച്ച് ധനവകുപ്പും ധനമന്ത്രിയും വിയോജിച്ച സാമ്പത്തിക വിഷയത്തിൽ ധനവകുപ്പിന്‍റെ തീരുമാനം മറികടക്കാൻ മന്ത്രിസഭക്ക് മാത്രമേ അധികാരമുള്ളൂ. എന്നാൽ ഇതിനായി യാതൊരു മന്ത്രിസഭ തീരുമാനവും ഉണ്ടായിട്ടില്ല.

മുൻ ധനമന്ത്രി അന്ന് പറഞ്ഞത്

‘‘...ധനസെക്രട്ടറി സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണ്. നിലവിലെ കേന്ദ്രസർക്കാർ നയം അനുസരിച്ച് ഏത് വിധത്തിൽ കടമെടുത്താലും അത് സർക്കാരിന്‍റെ പരിമിതമായ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനത്തെയും ബാധിക്കും. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം അനുകൂലമായി വന്നാൽ മാത്രമേ അധിക കടമെടുപ്പും ഗാരന്‍റിയും നിർദേശിച്ച പ്രകാരം നടപ്പിലാക്കാൻ കഴിയൂ... ബഹുമാനപ്പെട്ട മുഖ്യമന്ത്രി കണ്ടാലും...’’

Tags:    
News Summary - KIIFB Borrowing: KN Balagopal Had Objected; Documents Emerge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.