ഡ്രൈവിങ് സീറ്റിൽ മുഴുക്കുടിയൻമാർ? മദ്യപിച്ച് വാഹനമോടിച്ച 6199 പേർക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില് 6199 പേര്ക്കെതിരെ കേസെടുത്തു. 13ന് രാവിലെ ഏഴുമുതല് 17ന് രാവിലെ ഏഴുവരെയാണ് സ്പെഷല് ഡ്രൈവ് നടത്തിയത്.
ഏറ്റവും കൂടുതല് കേസ് എറണാകുളം റൂറലിലാണ്- 710. തിരുവനന്തപുരം റൂറലില് 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. കുറവ് കേസ് കാസർകോട് ജില്ലയിലാണ്- 75.
ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിര്ദേശപ്രകാരം സോണ് ഐ.ജിമാര്, റെയ്ഞ്ച് ഡി.ഐ.ജിമാര്, ജില്ല പൊലീസ് മേധാവിമാര് എന്നിവർ പരിശോധനക്ക് മേല്നോട്ടം വഹിച്ചു.
കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗതയിൽ യുവാവ് ഓടിച്ച മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച പശ്ചാത്തലത്തിലാണ് മദ്യപരെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.
മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ കന്നഡ സുളള്യ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ച സുഹൈൽ സജീവ് (19)ഉം സുഹൃത്തുക്കളും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.